Asianet News MalayalamAsianet News Malayalam

സ്വർണ്ണക്കടത്ത് കേസിൽ പുതിയ കണ്ണികൾ; മൂവാറ്റുപുഴ റാക്കറ്റും നയതന്ത്ര ബാഗ് ഉപയോഗിച്ചു, റബിൻസിനായി അന്വേഷണം

സ്വർണ്ണക്കടത്ത് കേസിൽ പുതിയ കണ്ണികൾ; മൂവാറ്റുപുഴ റാക്കറ്റും നയതന്ത്ര ബാഗ് ഉപയോഗിച്ചു, റബിൻസിനായി അന്വേഷണം

Gold smuggling case Rabins abubacker anikkad brothers customs nia enforcement inquiry
Author
Thiruvananthapuram, First Published Jul 23, 2020, 10:25 AM IST

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തിരയുന്ന റബിൻസ് അബൂബക്കർ കള്ളക്കടത്ത് കേസുകളിലെ പ്രധാന കണ്ണി. മൂവാറ്റുപുഴ സ്വദേശിയാണ് ഇയാൾ. ഫൈസൽ ഫരീദിന്റെ യുഎഇയിലെ കൂട്ടാളിയാണ്. വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ്. റബിൻസിന്റെ സഹോദരൻ നജിൻസും കള്ളക്കടത്ത് കേസിലെ കൂട്ടുപ്രതിയാണ്. 

കള്ളക്കടത്ത് മേഖലയിൽ ആനിക്കാട് ബ്രദേഴ്സ് എന്ന പേരിലാണ് ഈ സംഘം അറിയപ്പെടുന്നത്. 2014-15 കാലത്ത് മാത്രം 1500 കിലോ സ്വർണ്ണമാണ് ഈ മൂവാറ്റുപുഴ റാക്കറ്റ് കടത്തിയത്. ഫൈസൽ ഫരീദുമായുള്ള ബന്ധം വ്യക്തമായതിന് പിന്നാലെയാണ് തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കടത്ത് കേസിലും റബിൻസിനെതിരെ അന്വേഷണം നീങ്ങിയത്. മൂവാറ്റുപുഴ റാക്കറ്റും നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വർണ്ണം കടത്തിയെന്നാണ് വിവരം.

കേസിൽ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും സരിത്തിന്റെയും സ്വത്തുവകകൾ കണ്ടുകെട്ടാൻ കസ്റ്റംസ് നീക്കം തുടങ്ങി. മൂവരുടെയും ബാങ്ക് നിക്ഷേപങ്ങളുടെ വിവരം അടക്കം ശേഖരിച്ചു. ഇവരുടെ പേരിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങൾ തേടി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനും റവന്യു വകുപ്പിനും കത്ത് നൽകി. പ്രതികൾക്ക് തലസ്ഥാനത്ത് ബിനാമി സ്വത്തുക്കൾ ഉണ്ടെന്ന വിവരവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. സഫേമ നിയമപ്രകാരമാണ് നടപടി. 

എൻഐഎ കസ്റ്റഡിയിലുളള സ്വപ്ന,  സന്ദീപ്,  സരിത് എന്നിവരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഇവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അപേക്ഷ നൽകും. എൻഐഎയുടെ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കുമ്പോൾ ഇതിനായുള്ള അപേക്ഷ സമർപ്പിക്കും. ദുബൈയിൽ കഴിയുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുളള നടപടികളും കസ്റ്റംസ് തുടങ്ങും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിനേയും എൻ ഐ എ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.

Follow Us:
Download App:
  • android
  • ios