കോഴിക്കോട്: വടക്കൻ കേരളത്തിലെ സ്വർണവിൽപ്പനയുടെ കേന്ദ്രമായ കൊടുവള്ളിയിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസിന്‍റെ റെയ്ഡ്. കോഴിക്കോട്ടെ ഒരു ബിസിനസ്സുകാരനായ വള്ളിക്കാട് ഷാഫി ഹാജിയുടെ വീട്ടിലാണ് കസ്റ്റംസ് മിന്നൽ പരിശോധന നടത്തുന്നത്. ഇയാളുടെ മകന് സ്വപ്നയുടെ ബിനാമിയെന്ന് സംശയിക്കപ്പെടുന്ന സന്ദീപ് നായരുമായി ബന്ധമുണ്ടെന്ന സൂചനകൾ കിട്ടിയതിനെത്തുടർന്നാണ് ഇവിടെ റെയ്‍ഡ് നടത്തുന്നത്. 

കോഴിക്കോട്ടെ ഒരു ഷോപ്പിംഗ് കോംപ്ലക്സിൽ നിരവധി കടമുറികളും സ്ഥാപനങ്ങളും സ്വന്തമായുള്ള ആളാണ് ഈ വള്ളിക്കാട് ഷാഫി ഹാജിയുടെ മകൻ എന്നാണ് കോഴിക്കോട് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. 

ഷാഫി ഹാജിയുടെ കുടുംബാംഗങ്ങളിൽ ചിലർക്ക് മുസ്ലീംലീഗുമായി ബന്ധമുണ്ടെന്ന് വിവരമുണ്ടെങ്കിലും ഷാഫി ഹാജിക്ക് ബന്ധമുണ്ടോ എന്ന വിവരം ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും, അതിൽ കൂടുതൽ കാര്യങ്ങൾ തേടേണ്ടതുണ്ടെന്നും കോഴിക്കോട് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. 

പുലർച്ചെ മുതലാണ് ഷാഫി ഹാജിയുടെ വീട്ടിൽ റെയ്‍ഡ് തുടങ്ങിയത്. കൊടുവള്ളിയിലെ അനധികൃത സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചില ഇടനിലക്കാരുമായി ഷാഫി ഹാജിയുടെ മകന് ബന്ധമുണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.