Asianet News MalayalamAsianet News Malayalam

ഡോളര്‍-സ്വര്‍ണക്കടത്ത് കേസ്; സ്വപ്നക്കും ശിവശങ്കറിനും കോടികളുടെ പിഴ ചുമത്തി കസ്റ്റംസ്

യൂണിറ്റാക്ക് എംഡി സന്തോഷ് ഈപ്പന് ഒരു കോടിയും യുഎഇ കോൺസൽ ജനറൽ ധനകാര്യ വിഭാഗം തലവൻ ഖാലിദ് 1.30 കോടി പിഴ ഒടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. 
 

Gold smuggling case Swapna and Sivasankaran fined Rs 65 lakh, Santhosh Eepan Rs 1 crore, report fvv
Author
First Published Nov 7, 2023, 1:59 PM IST

കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിലും ഡോളർ കടത്ത് കേസിലും പ്രതികൾക്ക് കോടികളുടെ പിഴ ചുമത്തി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറുടെ റിപ്പോർട്ട്. രണ്ട് കേസുകളിലുമായി സ്വപ്ന സുരേഷിന് 6 കോടി 65 ലക്ഷവും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഒരു കോടി പതിനഞ്ച് ലക്ഷവുമാണ് പിഴ ചുമത്തിയിരിക്കുന്നത്. കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ എം ശിവശങ്കർ അടക്കമുള്ള പ്രതികളുടെ അറിവോടെയെന്ന് റിപ്പോർട്ടിൽ പറയുന്നു.

കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ ആർ രജേന്ദ്ര കുമാറാണ് സ്വർണ്ണക്കടത്തിലും അനുബന്ധ കേസായ ഡോളർ കടത്തിലും കോടതിയിലെ കേസിന് പുറമെ പിഴ ചുമത്തിയത്. സ്വർണ്ണക്കടത്തിൽ ആകെ 44 പ്രതികൾക്കായി 66.60 കോടി രൂപയാണ് പിഴ, ഡോളർ കടത്തിൽ 6 പ്രതികൾക്കായി നാല് കോടി അമ്പത് ലക്ഷവും പിഴയുണ്ട്. കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന് സ്വർണ്ണക്കടത്തിൽ 6 കോടി രൂപയും ഡോളർ കടത്തിൽ 65 ലക്ഷവുമാണ് പിഴ ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരിന് രണ്ട് കേസിലുമായി ഒരു കോടി 15 ലക്ഷം പിഴ ഒടുക്കണം. മുൻ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അറ്റാഷെ റാഷിദ് ഖാമിസ്, സരിത്, സന്ദീപ് നായർ, റമീസ് അടക്കമുള്ള പ്രതികൾക്കും 6 കോടി രൂപ വീതം പിഴയുണ്ട്. കോൺസുലേറ്റിലെ മുൻ ഫിനാൻസ് മാനേജർ ഖാലിദ് മുഹമ്മദ് അൽ ഷൗക്രിയ്ക്ക് ഡോളർ കടത്ത് കേസിൽ ഒരു കോടി മുപ്പത് ലക്ഷം പിഴയുണ്ട്. യൂണിടാക് എം ഡി സന്തോഷ് ഈപ്പന് ഡോളർ കടത്ത് കേസിൽ 1 കോടി രൂപയും പിഴ ചുമത്തി. 

'50 കോൺ​ഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് വരും, 25 ബിജെപി എംഎൽഎമാർ കോൺ​ഗ്രസിൽ ചേരും'; കർണാടകയിൽ വാക്പോര്

കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ടിൽ പറയുന്നു. കോൺസുൽ ജനറലിന്‍റെ സ്ഥാപിത താൽപ്പര്യം സംരക്ഷിക്കുന്നതിൽ എം ശിവശങ്കറിന് പ്രധാന റോൾ ആയിരുന്നുവെന്നും എല്ലാ കാര്യങ്ങളും പ്രതികളുടെ അറിവോടെയാണ് നടന്നതെന്നും കസ്റ്റംസ് കമീഷണറുടെ റിപ്പോർട്ടിലുണ്ട്. കോൺസുലേറ്റിലെ മുൻ ഫിനാൻസ് മാനേജർ ഖാലിദ് ഒരു കോടതി 30 ലക്ഷം രൂപയുടെ വിദേശ കറൻസി സ്വപ്ന സുരേഷ്, സരിത് അടക്കമുള്ളവുടെ സഹായത്തോടെ കടത്തിയെന്നും റിപ്പോ‍ട്ടിൽ പറയുന്നു. ലൈഫ് മിഷൻ കോഴയിലൂടെ നേടിയ കൈക്കൂലി പണമടക്കമാണിതെന്നുമുള്ള  മൊഴിയും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിനെതിരെ പ്രതികൾക്ക് 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാൻ കഴിയും. പിഴ ഒടുക്കുന്നതോടൊപ്പം രണ്ട് കേസുകളിലും കോടതിയിലെ പ്രോസിക്യൂഷൻ നടപടിയും പ്രതികൾ നേരിടണം.

'കൊലപാതകത്തിന് തുല്യമായ കാര്യം, രാഷ്ട്രീയക്കളി അവസാനിപ്പിച്ച് പരിഹാരം കാണണം'; വായു മലിനീകരണത്തിൽ സുപ്രീം കോടതി

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios