Asianet News MalayalamAsianet News Malayalam

സ്വർണ്ണക്കടത്ത്: സ്വപ്‌നയുടെ ജാമ്യാപേക്ഷ തള്ളി, യുഎപിഎ നിലനിൽക്കുമെന്ന് കോടതി

ഇതോടെ കേസിൽ യുഎപിഎ നിലനിൽക്കും. സ്വപ്ന സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ട്

gold smuggling case swapna bail application rejected UAPA will stand
Author
Kochi, First Published Aug 10, 2020, 11:22 AM IST

കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യപ്രതിയായ സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളി. കേസിൽ യുഎപിള നിലനിൽക്കില്ലെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകർ വാദിച്ചത്. കേസ് നികുതിവെട്ടിപ്പാണെന്നും യുഎപിഎ ചുമത്താനാവില്ലെന്നും വാദിച്ചിരുന്നു. എന്നാൽ കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ എൻഐഎ അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ കേസിൽ യുഎപിഎ നിലനിൽക്കും. സ്വപ്ന സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ട്.

ഹർജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍ഐഎ വെളിപ്പടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രിയുമായും പരിചയം ഉണ്ടായിരുന്നുവെന്നും സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കി എന്‍ഐഎ വാദിച്ചു. കള്ളക്കടത്ത് കേസിൽ കസ്റ്റംസ് നിയമങ്ങൾ മാത്രമേ ബാധകമാകൂ എന്നും യുഎപിഎ വകുപ്പുകള്‍ നിലനിൽക്കില്ല എന്നുമാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചത്.

കേസിൽ യുഎഇ കോൺസുൽ ജനറലിനെതിരെ സ്വപ്ന മൊഴി നൽകിയിരുന്നു. സ്വ‍ർണക്കടത്ത് അടക്കം എല്ലാ ഇടപാടിലും കോൺസൽ ജനറൽ കമ്മീഷൻ കൈപ്പറ്റിയെന്നാണ് സ്വപ്ന സുരേഷ് അന്വേഷണോദ്യോ​ഗസ്ഥ‍ർക്ക് നൽകിയിരിക്കുന്ന മൊഴി. ലോക്ക് ഡൗണിന് മുൻപ് നടത്തിയ 20 കളളക്കടത്തിലും കോൺസുൽ ജനറലിന് കമ്മീഷൻ നൽകിയെന്നാണ് സ്വപ്നയുടെ മൊഴി. യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച എല്ലാ പരിപാടികൾക്കും കോൺസൽ ജനറൽ കമ്മീഷൻ വാങ്ങിയിരുന്നു. രണ്ട് ലക്ഷം ഡോളറുമായിട്ടാണ് ലോക് ഡൗണിന് മുൻപ് കോൺസുൽ ജനറൽ രാജ്യം വിട്ടതെന്നും മൊഴിയിലുണ്ട്.

സമ്പാദ്യമെല്ലാം ഡോളറുകളാക്കി നയതന്ത്ര പരിരക്ഷ ഉപയോഗിച്ചായിരുന്നു കോൺസുൽ ജനറലിൻ്റെ മടക്കം. ഇതിനു മുൻപും സമാനമായ രീതിയിൽ പണം കോൺസുൽ ജനറൽ കൊണ്ടു പോയിട്ടുണ്ട്. ഒരിക്കൽ താനും സരിത്തും കോൺസുൽ ജനറലിനെ ദുബായിലേക്ക് അനുഗമിച്ചെന്നും കസ്റ്റംസിന് നൽകിയ മൊഴിയിൽ സ്വപ്ന പറയുന്നു. പലപ്പോഴായി കിട്ടിയ കമ്മീഷൻ തുക കോൺസുൽ ജനറൽ യൂറോപ്പിൽ മറ്റൊരു ബിസിനസിൽ മുടക്കിയെന്നാണ് സ്വപ്ന പറയുന്നത്. 

Follow Us:
Download App:
  • android
  • ios