കൊച്ചി: ലോക്കറിലെ പണം കമ്മീഷൻ തുകയെന്ന സ്വപ്നയുടെ വാദം തെറ്റെന്ന് കോടതി. സ്വപ്നക്ക് പണം നൽകിയിട്ടില്ലെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റ മൊഴിയുണ്ടെന്ന് കോടതി പറഞ്ഞു. സ്വപ്ന സുരേഷിന് കുറ്റകൃത്യത്തിലൂടെ ലഭിച്ച പണമാണ് ലോക്കറിലുള്ളതെന്ന് പ്രഥമദ്യഷ്ട വ്യക്തമായെന്ന് കോടതി നിരീക്ഷിച്ചു.  

കമ്മീഷൻ നൽകിയത് സന്ദീപിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ്. ഐസോമോങ്ക് കമ്പനിയുടെ ആക്സിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ഇട്ടത്. ഇക്കാര്യം സന്ദീപും സമ്മതിച്ചിട്ടുണ്ട്. സ്വപ്നയുടെ ജാമ്യ ഹർജി നിഷേധിച്ച് കൊണ്ടുള്ള വിധിപ്പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ്  ഡയറ്കടറേറ്റ് ചുമത്തിയ കേസിലാണ് സ്വപ്‍ന സുരേഷിന് കോടതി ജാമ്യം നിഷേധിച്ചത്. കേസ് ഡയറി പരിശോധിച്ചതില്‍ നിന്ന് കള്ളപ്പണം വെളുപ്പിക്കലിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പ്രതി കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ടെന്നും വിധിയില്‍ പറയുന്നു. കള്ളക്കടത്തിൽ നേരിട്ട് പങ്കെടുത്തെന്ന് സ്വപ്ന എൻഫോഴ്സ്മെൻറിന് മൊഴി നൽകിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

എൻഫോഴ്സ്മെൻറിന് നൽകിയ മൊഴിക്ക് കോടതിയിൽ നിയമ പ്രാബല്യമുണ്ട്. കള്ളക്കടത്തിന് പിന്നിൽ ഉന്നതർ ഉൾപ്പെട്ട ഗൂഡാലോചനയുണ്ടെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. കള്ളക്കടത്തിലൂടെ ലഭിച്ച പണം വസ്തു വാങ്ങാൻ ഉപയോഗിച്ചതായും സംശയമുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിൽ പ്രതിക്ക് പങ്കുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണിതെന്നും കോടതി പറഞ്ഞു.

ഹവാല, ബിനാമി ഇടപാടുകളിലും കള്ളപ്പണം വെളുപ്പിക്കലിലും തനിക്കെതിരെ ഒരു തെളിവും ഹാജാരാക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു സ്വപ്നയുടെ പ്രധാന വാദം. എന്നാല്‍ ഇക്കാര്യത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റിന്‍റെ വാദങ്ങള്‍ ശരിവെച്ചു കൊണ്ടാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഉത്തരവിട്ടത്.