Asianet News MalayalamAsianet News Malayalam

സ്വപ്നയുടെയും സന്ദീപിൻറെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും, കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം നഗരത്തിലെ രണ്ടു ബാങ്ക് ലോക്കറുകളിൽ നിന്നാണ് ഒരു കോടിയിലേറെ രൂപയും ഒരു കിലോയിലേറെ സ്വർണവും എൻ ഐ എ കണ്ടെത്തിയിരുന്നു. സ്വപ്നയുടെയും നഗരത്തിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റിയും പേരിലായിരുന്നു ലോക്കറുകൾ

Gold smuggling case Swapna, Sandeep custody expires will be presented in court
Author
Thiruvananthapuram, First Published Aug 1, 2020, 7:05 AM IST

കൊച്ചി: കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്നയുടെയും സന്ദീപിൻറെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. കഴിഞ്ഞ ഏഴ് ദിവസമായി കസ്റ്റംസിൻറെ കസ്റ്റഡിയിലാണ് പ്രതികൾ ഉള്ളത്. രാവിലെ 11 മണിയോടെ പ്രതികളെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയിൽ ഹാജരാക്കും. നേരത്തെ പത്ത് ദിവസം എൻഐഎ യും ഇരുവരെയും ചോദ്യം ചെയ്തിരുന്നു. 

ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ എം ശിവശങ്കറിൻറെയും ചാർട്ടേഡ് അക്കൗണ്ടന്റടക്കമുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിൽ ശിവശങ്കർ നിർദ്ദേശിച്ചത് അനുസരിച്ചാണ് സ്വപ്നയുമൊന്നിച്ച് ബാങ്ക് ലോക്കർ തുറന്നതെന്ന് തിരുവനന്തപുരത്തെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻറ് എൻഐഎയ്ക്ക് മൊഴി നൽകി. എന്നാൽ ഈ ലോക്കറിൽ നിന്ന് കണ്ടെത്തിയ പണവും സ്വർണവും റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ സ്വന്തമാക്കിയതാണെന്ന് സ്വപ്ന എൻഐഎയ്ക്കു മുമ്പിൽ അവകാശപ്പെട്ടു.

തിരുവനന്തപുരം നഗരത്തിലെ രണ്ടു ബാങ്ക് ലോക്കറുകളിൽ നിന്നാണ് ഒരു കോടിയിലേറെ രൂപയും ഒരു കിലോയിലേറെ സ്വർണവും എൻ ഐ എ കണ്ടെത്തിയിരുന്നു. സ്വപ്നയുടെയും നഗരത്തിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റിയും പേരിലായിരുന്നു ലോക്കറുകൾ. തുടർന്നാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചാർട്ടേഡ് അക്കൗണ്ടന്റിൽ നിന്ന് മൊഴിയെടുത്തത്. ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് സ്വപ്നയ്ക്കൊപ്പം ബാങ്ക് ലോക്കർ തുറന്നതെന്നാണ് ഇദ്ദേഹം എൻഐഎയ്ക്കു നൽകിയ വിശദീകരണം.

മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്. യുഎഇ കോൺസുൽ ജനറലുമായി ചേർന്ന് നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടിൽ ലഭിച്ച പണവും സ്വർണവുമാണ് ഇതെന്ന് സ്വപ്നയും മൊഴി നൽകി. ഇതിനിടെ കേസിലെ പ്രധാന കണ്ണി കെടി റമീസിനെ കഴിഞ്ഞ ദിവസം എൻഐഎ സംഘം തിരുവനന്തപുരത്തെത്തിച്ച് തെളിവെടുത്തു. കള്ളക്കടത്ത് സംഘത്തിന്റെ ഗൂഡാലോചനാ കേന്ദ്രമായിരുന്ന സെക്രട്ടറിയേറ്റിനടുത്തുള്ള ഫ്ളാറ്റിലും, കോവളത്തെ ഹോട്ടലിലും റമീസിനെ എത്തിച്ച് തെളിവെടുത്തു. സന്ദീപ് നായരുടെ അരുവിക്കരയിലെ വീട്ടിൽ എത്തിച്ചും റമീസിൽ നിന്ന് വിവരശേഖരണം നടത്തി.

Follow Us:
Download App:
  • android
  • ios