തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന സ്വപ്ന സുരേഷിന്റെ വ്യാജസർട്ടിഫിക്കറ്റിൽ പരാതി കിട്ടിയാൽ അന്വേഷണം ആവശ്യപ്പെടുമെന്ന് ബാബാ സാഹേബ് അംബേദ്കർ സർവകലാശാല. വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പിന്നിൽ വലിയ റാക്കറ്റാണ് പ്രവർത്തിക്കുന്നതെന്നും സർവകലാശാല അധികൃതർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് സ്വപ്ന ഉന്നത ജോലികൾ നേടിയത് എന്ന് വ്യക്തമായിട്ടും പരിശോധിക്കുമെന്ന് പറയുന്നതല്ലാതെ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

എയർ ഇന്ത്യാ സാറ്റ്സിൽ ജോലി നേടുന്നതിനായാണ് സ്വപ്ന സുരേഷ് മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കർ സർവകലാശാലയുടേത് എന്ന പേരിൽ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ബികോം ബിരുദദാരിയെന്ന് കാണിക്കാനായിരുന്നു സർട്ടിഫിക്കറ്റ്. പക്ഷെ സാങ്കേതിക സർവകലാശാലയായ ഇവിടെ ബികോം കോഴ്സ് പോലുമില്ല. സർവകലാശാലയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉള്ളത് നേരത്തെ തന്നെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. 

കർണാടക, മഹാരാഷ്ട്ര, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് വ്യാജ സർട്ടിഫിക്കറ്റുകൾ കൂടുതലും കണ്ടെത്തിയിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിൽ ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. വൻ റാക്കറ്റാണ് ഇതിന് പിന്നിലുള്ളത്. സ്വപ്നയ്ക്കെതിരെ നേരിട്ട് സ്വമേധയാ നിയമനടപടി സ്വീകരിക്കാനാവില്ലെന്നും ആരെങ്കിലും പരാതി നൽകിയാൽ അന്വേഷണം ആവശ്യപ്പെടുമെന്നും കണ്ട്രോൾ ഓഫ് എക്സാമിനർ ഡോ.വി. എസ്യ. സാഥെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എയർ ഇന്ത്യാ സാറ്റ്സിൽ മാത്രമല്ല, ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ ഉന്നത ജോലി കിട്ടാനായി സ്വപ്ന ഉപയോഗിച്ചതും ഇതേ വ്യാജ സർട്ടിഫിക്കറ്റാണ്. ബിരുദ സർട്ടിഫിക്കറ്റ് പോലും വ്യാജമാണെന്ന് തെളിഞ്ഞിട്ടും സ്വപ്ന കരാർ ജീവനക്കാരിയാണെന്ന വാദമാണ് സർക്കാർ ഉന്നയിക്കുന്നത്. എല്ലാ ഉത്തരവാദിത്വവും വിഷൻ ടെക്നൊളജിക്കാണെന്ന് പറഞ്ഞ് പിഡബ്ലുസിയും കയ്യൊഴി‍ഞ്ഞു. ചുരുക്കത്തിൽ സ്വപ്ന സുരേഷിന്റെ വ്യാജ സർട്ടിഫിക്കറ്റും നിയമനവുമെല്ലാം പരിശോധിക്കുമെന്ന് പറയുന്നതല്ലാതെ ഒരു അന്വേഷണത്തിലേക്കും ഇതുവരെയും നീങ്ങിയിട്ടില്ല.