Asianet News MalayalamAsianet News Malayalam

'ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ, ഏത് അന്വേഷണവും നടക്കട്ടെ': സ്വർണക്കടത്തിൽ മുഖ്യമന്ത്രി

''ഇതൊന്നും എനിക്ക് പുതിയതല്ല. അതിനാൽ ഇതിൽ വേവലാതിയുമില്ല. ഇതിനേക്കാൾ വലിയ പലതും ഞാൻ കണ്ടിട്ടുണ്ട്. ഞാനിന്നലെ പറഞ്ഞത് എന്താ? നാക്കിന് ശക്തിയുണ്ടെന്ന് വച്ച് എന്തും വിളിച്ച് പറയരുത് എന്നാണ്''

gold smuggling case swapna suresh m shivasankar cm reply in press conference
Author
Thiruvananthapuram, First Published Jul 7, 2020, 6:59 PM IST

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകയെന്ന് ആരോപണവിധേയയായ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയർന്നതിനെത്തുടർന്ന് എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി മുഖ്യമന്ത്രി. 

മുഖ്യമന്ത്രിയുടെ വാക്കുകൾ പൂ‍ർണരൂപത്തിൽ:

ആദ്യം ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ എങ്ങനെയാണ് എന്ന് പറയാം. രാജ്യത്തെ വിമാനത്താവളങ്ങളിൽ നടക്കുന്ന കാര്യങ്ങൾ കൃത്യതയോടെ ആകാനുള്ള സംവിധാനങ്ങൾ കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ട്. അതിൽ അപാകതകൾ വന്നാൽ കേന്ദ്രസർക്കാർ ഇടപെടും. ഇവിടത്തെ സംസ്ഥാനസർക്കാരിന് അതിൽ ഒന്നും ചെയ്യാനാകില്ല. പല കാലങ്ങളിലായി വിവിധ തരത്തിലുള്ള കള്ളക്കടത്ത് നടക്കാറുണ്ട്. ഇത് തടയാൻ വിപുലമായ തോതിൽ കസ്റ്റംസിനെ വിന്യസിച്ചിട്ടുള്ളത്. അവർ വിപുലമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഇത് വെട്ടിച്ചും ചില ഘട്ടത്തിൽ കള്ളക്കടത്ത് നടക്കാറുണ്ട്. ഇത് സംസ്ഥാനസർക്കാരുമായി എങ്ങനെ ബന്ധപ്പെടുന്നു? കള്ളക്കടത്ത് തടയാൻ നിയോഗിക്കപ്പെട്ട കസ്റ്റംസുണ്ട്. ഈ പാർസൽ സംസ്ഥാന ഏജൻസിക്കാണോ വന്നത്? ഇവിടെ എല്ലാവർക്കും അറിയാവുന്ന വസ്തുത, അത് അഡ്രസ് ചെയ്തത് യുഎഇ കോൺസുലേറ്റിലേക്കാണ്. യുഎഇ കോൺസുലേറ്റ് അധികാരപത്രം ഉപയോഗിച്ചാണ് കാര്യങ്ങൾ നടത്തിയത്. ഇതിൽ സംസ്ഥാനത്തിന് മറുപടി നൽകാനാകുമോ? ഇതിൽ നിങ്ങളെപ്പോലത്തെ അറിവേ സംസ്ഥാനസർക്കാരിനുമുള്ളൂ. സർക്കാരിന്‍റെ ഏത് റോളാണ് ഇതിൽ വരുന്നത്?

സ്വപ്ന സുരേഷിന്‍റെ നിയമനത്തിൽ മറുപടി

ഇനി ഈ പ്രശ്നത്തിൽ ഒരു വിവാദവനിത ഉണ്ടായി. ഈ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ല. ഇവിടെ ഐടി വകുപ്പുമായും ഇവർക്ക് നേരിട്ട് ബന്ധമില്ല. ഇവർക്ക് ഐടി വകുപ്പിന് കീഴിലെ ഒരു പ്രോജക്ടിൽ കരാർ ജോലിയാണ് ഈ വനിതയ്ക്ക്. മാർക്കറ്റിംഗ് ചുമതലയാണ് ഇവർക്ക് ഉണ്ടായിരുന്നത്. ഇത് കരാർ അടിസ്ഥാനത്തിലാണ്. ശ്രദ്ധിക്കേണ്ടത് ഇവരെ ജോലിക്ക് എടുത്തത് ഈ പ്രോജക്ട് മാനേജ്മെന്‍റ് നേരിട്ടല്ല. ഇവരെ ജോലിക്ക് എടുത്തത് പ്ലേസ്മെന്‍റ് ഏജൻസി വഴിയാണ്. ഇത്തരം പ്രോജക്ടുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നത് അസ്വാഭാവികമല്ല. പല പ്രോജക്ടുകളിലും ഇത്തരം ജോലിക്കെടുക്കൽ നടക്കാറുണ്ട്. അതിന് ഇവരുടെ ഇപ്പോഴത്തെ ചരിത്രമല്ല, മുമ്പത്തെ ചരിത്രം നോക്കുമ്പോൾ എടുത്തവർ പ്രവർത്തനപരിചയം കണക്കാക്കിയിരിക്കാം. അതിൽ സർക്കാരിന് ഒരു പങ്കുമില്ല. പ്രവർത്തനപരിചയം യുഎഇ കോൺസുലേറ്റിലും എയർ ഇന്ത്യ സാറ്റിലുമാണ്. ഇത് സംസ്ഥാനസർക്കാർ സ്ഥാപനങ്ങളല്ല. ഇതൊന്നും സർക്കാർ അറിവോടെയല്ല. ഇവരുടെ നിയമനത്തിൽ ശുപാർശയുണ്ടോ എന്ന് എനിക്കറിയില്ല. 

ഇവിടെ കാണേണ്ടത് കേരള സർക്കാരുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പുമുണ്ടായിട്ടില്ല. കേരളസർക്കാർ ഏജൻസിക്ക് വേണ്ടി ചെയ്ത ജോലിയിൽ തട്ടിപ്പ് നടന്നതായി പരാതിയില്ല. കേരളസർക്കാരിന് ഇതിൽ ഉത്തരവാദിത്തമില്ല. സ്വർണക്കടത്ത് നടന്നെന്നതും കസ്റ്റംസ് കണ്ടെത്തി എന്നതും ആരാണ് ഇതിന് പിന്നിൽ എന്നത് കണ്ടെത്തണം എന്നതും ശരി. ഇതിൽ സർക്കാരിന് ഉത്തരവാദിത്തമില്ല. ഇത്തരം ആളുകളെ സംരക്ഷിക്കാൻ കേരളസർക്കാർ ഒരു നിലപാടും എടുക്കില്ല. ഒരു കുറ്റവാളിയെയും അതാരായാലും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ല. അതിനാലാണ് ഇന്നലെത്തന്നെ പറഞ്ഞത് കസ്റ്റംസ് അന്വേഷണത്തിന് എല്ലാ പിന്തുണയും നൽകുമെന്ന്. 

ഇവിടെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ഈ വനിതയുടെ മുൻകാലജോലിയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയല്ലോ. വ്യാജപരാതി നൽകി എന്നതും അതിൽ ഇവരെ പ്രതി ചേർക്കാമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞിട്ടുണ്ട്. സർക്കാരിന് ഇതിൽ താൽപര്യമുണ്ടെന്ന് ആർക്കെങ്കിലും പറയാമോ? മെറിറ്റടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. 

മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഒരു മാന്യദേഹം പറഞ്ഞത് നിങ്ങൾ ആവർത്തിച്ചല്ലോ. ഏത് തരത്തിൽ ആളെ വികൃതമായി ചിത്രീകരിക്കാമെന്ന് കരുതുന്നവർ മാധ്യമരംഗത്തുണ്ടല്ലോ. ഉന്നയിച്ച കാര്യത്തിൽ മെറിറ്റുണ്ടോ ദുരുദ്ദേശമുണ്ടോ എന്നൊന്നും പരിശോധിക്കില്ല, മുഖ്യമന്ത്രിയുടെ ഓഫീസാണല്ലോ ഇരിക്കട്ടെ എന്നാണ് ഉദ്ദേശം. പൊതുസമൂഹത്തിൽ തെറ്റായ ചിത്രം ഉയർത്തിക്കാട്ടാനാണ് ശ്രമം.

ഇതൊന്നും എനിക്ക് പുതിയതല്ല. അതിനാൽ ഇതിൽ വേവലാതിയുമില്ല. ഇതിനേക്കാൾ വലിയ പലതും ഞാൻ കണ്ടിട്ടുണ്ട്. ഞാനിന്നലെ പറഞ്ഞത് എന്താ? നാക്കിന് ശക്തിയുണ്ടെന്ന് വച്ച് എന്തും വിളിച്ച് പറയരുത് എന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചില്ല എന്ന് കസ്റ്റംസ് പറഞ്ഞില്ലേ? ഇത് സർക്കാർ സ്വാധീനം മൂലമാണോ? അതോടെ ആ കെട്ടുകഥകളെല്ലാം പൊളിഞ്ഞില്ലേ? നുണക്കഥകൾക്ക് അത്രയേ ആയുസ്സുള്ളൂ. 

ഇവിടെ ഉന്നതമായ മൂല്യമാണ് എൽഡിഎഫ് സർക്കാർ എന്നും പുലർത്തിയത്. അത്തരമൊരു സർക്കാരിനെ ഈ പ്രശ്നത്തിൽ വിവാദത്തിൽ ഇരയായ വനിതയുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ ആക്ഷേപമുയർന്നപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. അദ്ദേഹത്തിനെതിരെ നിയമപരമായി ആരോപണം വന്നിട്ടില്ല. പൊതുസമൂഹത്തിൽ ഒട്ടേറെ പരാമർശം വന്നു. അത്തരമൊരു വ്യക്തി മുഖ്യമന്ത്രിയുടെ ഓഫീസിൽ ഈ ഘട്ടത്തിൽ ഇരിക്കുന്നത് ശരിയല്ല. അതിനാലാണ് ഈ നടപടി.

'എല്ലാം തെരഞ്ഞെടുപ്പ് കണ്ട്': സോളാറിൽ യുഡിഎഫിനെതിരെ രൂക്ഷവിമർശനം

ഇത് യുഡിഎഫിന് ചിന്തിക്കാനാകുമോ? യുഡിഎഫായിരുന്നെങ്കിൽ എന്തായേനെ? അതാണ് നാം കാണേണ്ടത്. ആവർത്തിച്ച് വ്യക്തമാക്കുന്നത് ഇതാണ്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു. ഏതെങ്കിലും പുകമറ ഉയർത്തി സർക്കാരിനെ തള‍ർത്താം എന്നാണ് ഉദ്ദേശമെങ്കിൽ അതൊന്നും നടക്കില്ല. ഇവിടെ ഉപ്പുതിന്നവരെല്ലാം വെള്ളം കുടിക്കട്ടെ. ഏതായാലും ഈ വനിതയെ സംബന്ധിച്ച് പറഞ്ഞാൽ എയർ ഇന്ത്യയിൽ അവരെത്തിയത്. യുഎഇ കോൺസുലേറ്റിലേക്ക് അവരെ ആരാണ് ശുപാർശ ചെയ്തത് എന്നതിലെല്ലാം വ്യക്തത വരട്ടെ. കോൺസുൽ ജനറലിനൊപ്പം അവർ നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. തലസ്ഥാനത്തെ വിവിധ പരിപാടികളിലടക്കം അവരുണ്ട്. കോൺസുലേറ്റ് ആതിഥേയത്വം വഹിച്ച പരിപാടികളിലും അവരുണ്ടായിരുന്നു. അതിന് സർക്കാർ ഉത്തരവാദിത്തം വരുന്നതെങ്ങനെ?

വ്യാജവാർത്തയുണ്ടാക്കിയില്ലേ ഒരു ചാനൽ. മുഖ്യമന്ത്രിയോട് ഈ വിവാദവനിത സംസാരിക്കുന്ന ചിത്രം വ്യാജമല്ലേ? അതിൽ നിയമനടപടിയുണ്ടാകും. എന്താ നിങ്ങൾ കരുതിയത്? നിങ്ങളെപ്പോലുള്ള മാനസികാവസ്ഥയാണ് എല്ലാവർക്കും എന്നാണോ? പല പഴയതും ഓർമയിൽ വല്ലാതെ വരുന്നുണ്ടാകുമല്ലേ? അതിന് ഇപ്പഴുള്ളവരെ കണ്ട് കളിക്കണ്ട. കളങ്കപ്പെടുത്താൻ വലിയ ശ്രമമാണ്. വസ്തുതകൾ അവതരിപ്പിക്കുക. അതല്ല നടക്കുന്നത്. പറയാതെ എല്ലാവർക്കും അറിയാം. ചിലർ വരച്ചുകാട്ടിയല്ലോ സോളാർ കാലം. ഇതിനെ സോളാറിനോട് താരതമ്യപ്പെടുത്താനാണ് ശ്രമം. അത് മുഴുവനായി പരിശോധിക്കണോ? ദുർഗന്ധം വമിക്കുന്ന ചളിയിൽ മുങ്ങിക്കിടക്കുന്നവർക്ക് അത് പോലെ മറ്റുള്ളവരുമാകണം എന്ന ആഗ്രഹമുണ്ടാകും. ഞങ്ങൾ അത്തരം കളരിയിലല്ല ജനിച്ച് വളർന്നത്. അത് സാധിച്ച് തരാനാകില്ല. 

ഇടത് മുന്നണി സർക്കാരിന് ആ സംസ്കാരമുണ്ട്. അത് യുഡിഎഫിന്‍റേതല്ല. അതിനാലാണ് ആവർത്തിച്ചത് ഒരു തെറ്റായ നടപടിയും ഈ സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന്. ഏത് അന്വേഷണം വേണമെന്ന് കേന്ദ്രസർക്കാർ തീരുമാനിക്കട്ടെ. ഏത് അന്വേഷണത്തെയും സംസ്ഥാനസർക്കാ‍ർ പൂർണമായും സ്വാഗതം ചെയ്യുന്നു - മുഖ്യമന്ത്രി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios