കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്രബാഗിൽ സ്വർണം കടത്താമെന്ന പദ്ധതി ആദ്യം ഉണ്ടാക്കിയത് കെ ടി റമീസെന്ന് സ്വപ്ന സുരേഷ്. സ്വർണക്കടത്തിന്‍റെ പ്രധാന ആസൂത്രകർ റമീസും സന്ദീപുമാണ്. റമീസും സന്ദീപും ആദ്യം ദുബായിൽ വച്ചാണ് കാണുന്നതെന്നും സ്വപ്ന വ്യക്തമാക്കുന്നു. ഇതിന് ശേഷം ഇരുവരും ചേർന്ന് സ്വർണക്കടത്തിനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇതിനെല്ലാം ശേഷമാണ് സരിത്തിനെയും അത് വഴി സ്വപ്നയെയും റാക്കറ്റിലേക്ക് ഇവർ എത്തിക്കുന്നത്. ഇവരുടെ പരിചയം വഴി നയതന്ത്രബാഗിൽ ആർക്കും സംശയം തോന്നാത്ത വിധം സുരക്ഷിതമായി സ്വർണം കടത്താമെന്ന പദ്ധതി കെ ടി റമീസ് രൂപീകരിക്കുകയായിരുന്നെന്നും കസ്റ്റംസിന് സ്വപ്ന സുരേഷ് നൽകിയ മൊഴിയിൽ പറയുന്നു. 

ഇതിനെ സാധൂകരിക്കുന്ന തരം മൊഴിയാണ് സന്ദീപ് നായരും നൽകിയിരിക്കുന്നത്. നയതന്ത്രബാഗ് വഴി സ്വർണം കടത്താമെന്ന് ആദ്യം പറയുന്നത് റമീസാണ്. തിരുവനന്തപുരത്ത് പഴവങ്ങാടിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യവേയാണ് താൻ സരിത്തിനെ പരിചയപ്പെടുന്നത്. താൻ വഴിയാണ് റമീസ് സരിത്തുമായും അത് വഴി സ്വപ്നയുമായും പരിചയം സ്ഥാപിക്കുന്നതെന്നും സന്ദീപ് നായർ മൊഴി നൽകിയിട്ടുണ്ട്. 

സ്വപ്ന വൻകിട ഇടനിലക്കാരി

അതേസമയം, സ്വപ്ന സുരേഷ് കള്ളക്കടത്തിനൊപ്പം നിരവധി വൻകിട റിയൽ എസ്റ്റേറ്റ് - ബിസിനസ് സംരംഭങ്ങളിലും ഇടനിലക്കാരിയായെന്ന് തെളിയിക്കുന്ന രേഖകൾ കസ്റ്റംസിന് ലഭിച്ചു. ഇത് സമ്മതിച്ചുകൊണ്ട് സ്വപ്ന മൊഴിയും നൽകിയിട്ടുണ്ട്. സ്വപ്നയുടെ ലോക്കറിൽ നിന്ന് ലഭിച്ച ഒരു കോടി രൂപയുടെ നിക്ഷേപം അടുത്തിടെ നടന്ന ഒരു ഡീലിന് ലഭിച്ച പ്രതിഫലമാണെന്നാണ് സ്വപ്ന മൊഴി നൽകിയിരിക്കുന്നത്. 

തിരുവനന്തപുരത്തെ രണ്ട് ബാങ്ക് ലോക്കറുകളിൽ നിന്നായി ഏതാണ്ട് 1.05 കോടി രൂപയും ഏകദേശം 123 പവൻ, അതായത് ഒരു കിലോയോളം സ്വർണാഭരണങ്ങളുമാണ് കണ്ടെത്തിയിട്ടുള്ളത്. സ്വ‌ർണം വിവാഹസമ്മാനം ലഭിച്ചതാണെന്നാണ് സ്വപ്ന മൊഴി നൽകിയിരിക്കുന്നത്. ആദ്യത്തെ വിവാഹം കഴിഞ്ഞപ്പോൾ അഞ്ച് കിലോ സ്വർണമുണ്ടായിരുന്നെന്നും വീടുപണിക്കായി കുറച്ച് വിറ്റെന്നുമാണ് സ്വപ്ന പറയുന്നത്. എന്നാലിത് കസ്റ്റംസ് പൂർണമായും വിശ്വസിക്കുന്നില്ല. 

ഗൂഡാലോചന 11 ഇടങ്ങളിൽ, പല തവണയായി

അതേസമയം, വിമാനത്താവളം വഴി സ്വർണം കടത്താൻ പ്രതികൾ 11 ഇടങ്ങളിൽ ഒത്തുകൂടി പല തവണയായി പദ്ധതി തയ്യാറാക്കിയെന്ന് എൻഐഎ വെളിപ്പെടുത്തുന്നു. കോടതിയിൽ നൽകിയ റിപ്പോ‍ർട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. പ്രതികൾ ഒത്തുകൂടിയതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചതായും ഇത് പരിശോധിച്ചു വരികയാണെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ എൻഐഎ പറയുന്നു. 

സ്വർണക്കടത്തിൽ പങ്കാളിത്തമുള്ള മറ്റു പേരുകൾ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ വെളിപ്പെടുത്തി. മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എൻഐഎ വ്യക്തമാക്കി. 

ഈ മൊഴികളുടെ അടിസ്ഥാനത്തിലാകും എൻഐഎ ശിവശങ്കറിനെ രണ്ടാമത് ചോദ്യം ചെയ്യുന്നത്. നിലവിൽ സ്വപ്നയും സന്ദീപും സരിത്തുമടക്കം കേസിലെ പ്രധാന പ്രതികളെ എല്ലാം എൻഐഎ കോടതി അടുത്തമാസം 21 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്.

കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത കെ ടി റമീസ് രാജ്യ വിരുദ്ധപ്രവർത്തനത്തിൽ ഏർപ്പെട്ടതിന്‍റെ വിവരങ്ങൾ സന്ദീപ് നായർ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം നേരായ ദിശയിൽ നടക്കുകയാണെന്നും എൻഐഎ കോടതിയിൽ കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.