തിരുവനന്തപുരം: നയതന്ത്ര ബാഗിൽ സ്വർണ്ണം കടത്തിയ സംഭവത്തിൽ യുഎഇ കോൺസുലേറ്റിലെ അറ്റാഷെയെ കുരുക്കിലാക്കുന്ന രേഖ പുറത്ത്. നയതന്ത്ര ബാഗ് അയക്കാൻ ഫൈസൽ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെ ആണെന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തുവന്നത്. തന്റെ അസ്സാന്നിധ്യത്തിൽ ഫൈസൽ ഫരീദ് കാർഗോ അയക്കുമെന്ന് ഇദ്ദേഹം വിമാനക്കമ്പനിക്ക് അയച്ച കത്തിൽ പറയുന്നു.

ദുബൈയിലെ സ്കൈ കാർഗോ കമ്പനിക്കാണ് കത്ത് നൽകിയത്. അറ്റാഷെയുടെ പേരിലുള്ള കത്ത് കസ്റ്റംസ് കണ്ടെടുത്തു. യുഎഇയിൽ നിന്ന് കാർഗോ അയക്കുന്നതിന് മുൻപാണ് ഫൈസലിനെ ചുമതലപ്പെടുത്തിയത്. അതേസമയം കത്ത് ഫൈസൽ തന്നെ വ്യാജമായി നിർമ്മിച്ചതാണോയെന്നും കസ്റ്റംസ് പരിശോധിക്കും. കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ഫൈസൽ ഫരിദിനെതിരെ ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് നോട്ടീസ്. ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. നേരത്തെ ഫൈസലാണ് യുഎഇയിലെ സ്വർണ്ണക്കടത്തിന്റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ രണ്ടു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. കോഴിക്കോട് സ്വദേശികളായ ഷമീം, ജിഫ്സൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

സ്വപ്ന സുരേഷിന്റെ ഫ്ലാറ്റുകളിൽ എൻഐഎ പരിശോധന നടത്തുന്നുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചാണ് പരിശോധന നടത്തുന്നത്. സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിലും അമ്പലമുക്കിലെ ഫ്ലാറ്റിലും ആണ് തെളിവെടുപ്പ്. സന്ദീപ് നായര്‍ ഉദ്യോഗസ്ഥർക്ക് ഒപ്പം ഉണ്ടായിരുന്നു. സ്വപ്ന ഉണ്ടോ എന്ന കാര്യത്തിൽ ഇത് വരെ വ്യക്തതയില്ല. തലസ്ഥാനത്ത് പലയിടത്തും പരിശോധനയും തെളിവെടുപ്പും നടത്തുമെന്നാണ് വിവരം. ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ നീക്കം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കൊച്ചിയിൽ നിന്ന് തലസ്ഥാനത്ത് എത്തിക്കുന്ന വിവരം അവസാന ഘട്ടത്തിലാണ് പൊലീസിനോട് പങ്കുവക്കുന്നത്.