കൊച്ചി: തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് സമര്‍പ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. രാജ്യത്തിന്റെ സമ്പത്തിനെ ബാധിക്കുന്ന പ്രശ്നമാണ് ഇതെന്നും മുൻകൂർ ജാമ്യഹർജി പരിഗണിക്കരുതെന്നും കേന്ദ്രസർക്കാർ വാദിച്ചു.

എഫ്ഐആറിന്റെ പകർപ്പ് വേണമെന്ന് ഹർജിക്കാരി കോടതിയിൽ ആവശ്യപ്പെട്ടു. എൻഐഎ നിയമത്തിലെ 16, 17, 18 വകുപ്പുകൾ പ്രകാരം കേസെടുത്തുവെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കേസന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ അളവ് വലുതാണ്. രാജ്യസുരക്ഷയെയും സമ്പത്തിനെയും ബാധിക്കുന്ന പ്രശ്നമാണ്. എൻഐഎ കേസുകളിൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നും കേന്ദ്രസർക്കാർ വാദിച്ചു.

എൻഐഎ കേസ് ഏറ്റെടുത്തത് വൈകിയാണ്. സന്ദീപ് നായർ, സ്വപ്ന, സരിത് എന്നിവർക്ക് കളളക്കടത്തിൽ പങ്കുണ്ടെന്ന് വിവരം കിട്ടി. സ്വപ്നയും സരിതും കളളക്കടത്ത് നടത്തിയതായി സന്ദീപിന്‍റെ ഭാര്യ സൗമ്യയുടെ മൊഴി ഉണ്ടെന്നും കേന്ദ്രം വാദിച്ചു. കസ്റ്റംസ് അന്വേഷണം തുടങ്ങിയതിന് ശേഷം കൂടുതൽ തെളിവുകൾ കിട്ടി. അതിനാൽ തന്നെ സ്വപ്നയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേന്ദ്രം വാദിച്ചു.

ഹർജിയിൽ പറയും പോലെ സ്വപ്നയുടെ മുൻകാല പശ്ചാത്തലത്തിന് ക്ലീൻ ചിറ്റ് നൽകാനാകില്ലെന്ന് കേന്ദ്രം. യുഎപിഎ ഉളളതു കൊണ്ട് ഹർജി പരിഗണിക്കാനാകില്ലെന്നാണ് എൻഐഎയുടെ നിലപാട്. ഹർജി നിലനിൽക്കുമോയെന്നാകും ചൊവ്വാഴ്ച പരിഗണിക്കുക. ഹർജി ഇതേവരെ ഫയലിൽ സ്വീകരിച്ചിട്ടില്ല.

സ്വപ്നക്ക് കേസിന്റെ എഫ്ഐആർ കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയോ ഹർജിക്കാരിക്ക് ഇടക്കാല സുരക്ഷ നൽകുകയോ ചെയ്തിട്ടില്ല. അതിനാൽ തന്നെ അന്വേഷണവുമായി എൻഐഎ സംഘത്തിന് മുന്നോട്ട് പോകാവുന്ന സാഹചര്യമാണ്.