കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്തേക്കും. ഹാജരാകാൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടതായാണ് സൂചന. ഇന്നലെ 11 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്. 

പ്രോട്ടോക്കോള്‍ ലംഘിച്ച് യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്തത് സംബന്ധിച്ചായിരുന്നു പ്രധാനമായും ചോദിച്ചറിഞ്ഞത്. ഇന്ന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാകും ചോദ്യം ചെയ്യലെന്നാണ് സൂചന. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരില്‍നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ കണക്കിലെടുത്താണിത്. സ്വപ്നയുമായുള്ള പണമിടപാട് സംബന്ധിച്ച എം.ശിവശങ്കറിന്‍റെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നതുള്‍പ്പെടെയുള്ള കാര്യങ്ങൾ കസ്റ്റംസിന്‍റെ അന്വേഷണപരിധിയിലുണ്ട്. 

2017-ൽ യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് വിവിധ ഏജൻസികളുടെ അന്വേഷണം നടക്കുന്നത്. എം ശിവശങ്കറിന്‍റെ നി‍ർദേശ പ്രകാരമാണ് യു എഇ കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴം സാമൂഹിക ക്ഷേമ വകുപ്പ് വിവിധ അനാഥാലയങ്ങൾക്ക് വിതരണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കൽ. സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികളുടെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് എം ശിവശങ്കറെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തത്.

ഈന്തപ്പഴ വിതരണത്തിന്‍റെ മറവിൽ സ്വപ്ന സുരേഷും കൂട്ടുപ്രതികളും സ്വർണക്കളളക്കടത്ത് നടത്തിയോയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ സ്വപ്ന സുരേഷിന് ജാമ്യം നൽകരുതെന്ന് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു എന്നത് ജാമ്യം ലഭിക്കാനുളള കാരണമല്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് നിലപാട്. ഹർജിയിൽ വരുന്ന ചൊവ്വാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും. 

അതിനിടെ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ സന്ദീപ് നായർ, അൻവർ എന്നിവർ ഉൾപ്പെടെ നാല് പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് തീരും. വീഡിയോ കോൺഫറൻസിലൂടെ പ്രതികളെ കോടതിയിൽ ഹാജരാക്കും. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത് എന്ത് അടിസ്ഥാനത്തിലെന്ന് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കുമോ എന്നത് ശ്രദ്ധേയമാണ്. 

Read more at: എൻഫോഴ്സ്മെന്‍റിനോട് ജലീൽ വെളിപ്പെടുത്തിയ സ്വത്ത് വിവരങ്ങൾ