തിരുവനന്തപുരം: വിവാദമായ സ്വർണ്ണ കള്ളക്കടത്ത് കേസ് എൻഫോഴ്‌സ്മെന്റ് വിഭാഗവും അന്വേഷിക്കും. ഇതിന്റെ ഭാഗമായി കേസ് രജിസ്റ്റർ ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായർ, ഫൈസൽ ഫരീദ്, സരിത് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കള്ളപ്പണം തടയൽ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികൾ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് എൻഫോഴ്സ്മെന്റ് അന്വേഷിക്കും. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ഉടൻ തുടങ്ങും.

യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജ് ഉപയോ​ഗിച്ച് 15 കോടി രൂപയുടെ സ്വർണം കടത്തിയെന്നതാണ് കേസ്.  യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരാണ് സ്വപ്നയും സരിത്തും. ഇവരടക്കമുള്ള പ്രതികൾക്കെതിരെയാണ് അന്വേഷണത്തിന് കേസെടുത്തത്. കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണ് സ്വർണം കണ്ടെത്തിയത്. സ്വപ്ന നേരത്തെ യുഎഇ കോൺസുലേറ്റ് ഉദ്യോ​ഗസ്ഥയായിരുന്നു.

കേസിൽ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി ലഭിച്ചു. എൻഐഎ കസ്റ്റഡിയിലാണ് പ്രതികളുള്ളത്. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള ഹംജത് അലി, സംജു, മുഹമ്മദ്‌ അൻവർ, ജിപ്സൽ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂലൈ 24 ലേക്ക് മാറ്റി. ഓഗസ്റ്റ് അഞ്ചാം തീയതി വരെ പ്രതികളെ റിമാൻഡ് ചെയ്തു. കൂട്ടിലങ്ങാടി സ്വദേശി അബ്ദുൾ ഹമീദ്, ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു. ഈ അപേക്ഷ ഇവരുടെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ലഭിച്ച ശേഷം പരിഗണിക്കും. മുഹമ്മദ്‌ ഷാഫിയുടെ ഫലമാണ് ലഭിക്കാനുള്ളത്.