Asianet News MalayalamAsianet News Malayalam

സ്വർണക്കടത്തിനായി പ്രതികൾ സമാഹരിച്ചത് എട്ട് കോടി രൂപ; ജ്വല്ലറി ഉടമയുടെ മരുമകനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

സ്വർണ്ണക്കടത്ത്  കേസിൽ ഇന്ന് മൂന്ന് പ്രതികളെകൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. നാലാം പ്രതി സന്ദീപിന്‍റെ ബാഗിൽ നിന്ന് കളളക്കടത്തിടപാടുമായി ബന്ധപ്പെട്ട ഡയറിയടക്കമുള്ള രേഖകൾ എൻഐഎ കണ്ടെടുത്തിട്ടുണ്ട്. 

gold smuggling follow up
Author
Kozhikode, First Published Jul 16, 2020, 5:56 PM IST

കൊച്ചി: വിമാനത്താവളം വഴിയുള്ള  സ്വർണക്കളളക്കടത്തിനായി പ്രതികൾ എട്ടുകോടി രൂപ സമാഹരിച്ചതായി കസ്റ്റംസ് കണ്ടെത്തൽ. ലാഭം പങ്കിട്ടെടുക്കുകയെന്ന കരാറിൽ  റമീസും ജലാൽ  അടക്കമുളള പ്രതികളാണ്  പണം മുടക്കിയത്. അതിനിടെ സ്വർണ്ണക്കടത്ത്  കേസിൽ ഇന്ന് മൂന്ന് പ്രതികളെകൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. നാലാം പ്രതി സന്ദീപിന്‍റെ ബാഗിൽ നിന്ന് കളളക്കടത്തിടപാടുമായി ബന്ധപ്പെട്ട ഡയറിയടക്കമുള്ള രേഖകൾ എൻഐഎ കണ്ടെടുത്തിട്ടുണ്ട്. 

തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗ് വഴിയുളള കളളക്കടത്ത് സംബന്ധിച്ച് കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ  പുറത്തുവരുന്നത്. ജൂൺ 30ന് കസ്റ്റംസ് പിടികൂടിയ  30 കിലോ സ്വർണത്തിനായി പണം മുടക്കിയത് മൂവാറ്റുപുഴ സ്വദേശി ജലാലും, മലപ്പുറം സ്വദേശി റമീസും നാലാം പ്രതി സന്ദീപ് നായരും എലത്തൂർ സ്വദേശിയും ജ്വല്ലറി ഉടമയുടെ മരുമകനുമായ സംജു ടി.എം എന്നയാളും ചേർന്നാണ്. 

ഇന്ത്യൻ വിപണിയിൽ 15 കോടി രൂപയ്ക്കടുത്ത് വില വരുന്ന 24 കാരറ്റ് സ്വർണം  വിദേശത്തുനിന്ന്  വാങ്ങുന്നതിനായി എട്ടുകോടി രൂപയാണ് ഇവർ സമാഹരിച്ചത്. ലാഭവിഹിതം നൽകാമെന്ന കരാറിൽ മറ്റുചിലരിൽ നിന്ന് പണം സ്വരൂപിച്ചതായി വ്യക്തമായിട്ടുണ്ട്. ഇവരെക്കൂടി കണ്ടെത്താനുളള ശ്രമം തുടരുകയാണ്. മൂവാറ്റുപുഴ സ്വദേശി ജലാലാണ് സ്വർണം വിൽക്കുന്നതിനായി ജ്വല്ലറികളെയും ആഭരണ നി‍‍ർമാതാക്കളെയും കണ്ടെത്തിയത്.  ലാഭ വിഹിതം തുല്യമായിപങ്കിട്ടെടുക്കാനായിരുന്നു കരാ‍ർ.  

നയതന്ത്ര ചാനലിലൂടെ സ്വർണം കടത്താൻ സഹായം ചെയ്ത സ്വപ്നക്കും സന്ദീപിനും ഏഴു ലക്ഷം രൂപയായിരുന്നു കമ്മീഷനായി നിശ്ചിയിച്ചത്. കളളക്കടത്ത് നടന്ന ദിവസങ്ങളിൽ റമീസും ജലാലും ഷാഫിയും അൻവറും തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഗൂഡാലോചന നടന്നു എന്നു കരുതുന്ന ഫ്ലാറ്റിലും മറ്റൊരു ഹോട്ടലിലും പ്രതികൾ താമസിച്ചു. ഇതുവരെ ടിഎം സംജു അടക്കം എട്ട് പ്രതികളുടെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയത്. 

ഇതിനിടെ എൻഐഎ കോടതിയുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിച്ച നാലാം പ്രതി സന്ദീപ് നായരുടെ ബാഗിലെ വിവരങ്ങൾ പുറത്തുവന്നു. പണം നൽകിയവരുടെ വിശദാശങ്ങൾ, തിരുവനന്തപുരത്തെ  ഒരു കോപറേറ്റീവ് സൊസൈറ്റിയിൽ എട്ടുലക്ഷം രൂപയുടെ നിക്ഷേപം, ഇടപാടുകാരുടെ വിവരങ്ങൾ അടങ്ങിയ ഡയറി , ലാപ്ടോപ്, കേരളത്തിന് പുറത്തുള്ള രണ്ട് സർവ്വകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റുകൾ എന്നിവ ബാഗിലുണ്ട്. ഇയാളുടെ പക്കലുള്ള ചില വിദ്യാഭ്യാസ  സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും സംശയമുണ്ട്. 

സ്വർണം കൊണ്ടു വരാൻ പണം മുടക്കിയെന്ന് കരുതുന്ന കോഴിക്കോട് എലത്തൂർ സ്വദേശിയായ സംജ്ജു ടി.എം എന്നയാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്നാണ് പിടികൂടിയത്. സ്വർണം കടത്താൻ പണം നൽകിയ ആളാണ് സംജു എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്. ഇയാളുടെ ഭാര്യപിതാവ് എസ്.എസ് ജ്വല്ലറി എന്ന സ്ഥാപനത്തിൻ്റെ ഉടമയാണ്. 

Follow Us:
Download App:
  • android
  • ios