തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് താൻ കത്തയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം എൻഐഎയിലേക്ക് മാത്രമായി ചുരുക്കുന്നതില്‍ പൂര്‍ണ്ണ സംതൃപ്തനല്ല. സ്വര്‍ണ്ണക്കടത്തിന് പിന്നിലെ അഴിമതി പുറത്തു കൊണ്ടുവരാന്‍ സിബിഐയും അന്താരാഷ്ട്ര മാനമുള്ളതിനാല്‍ റോയും അന്വേഷിക്കുന്നതാണ് ഉചിതം. ഈ അന്വേഷണങ്ങൾ കൂടി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും തയ്യാറാകണം.

സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കസ്റ്റംസിലേതടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതിൽ ബന്ധമുണ്ട്. രാജ്യത്തിന്റെ സുരക്ഷയേയും യുഎഇയുമായുള്ള സുഹൃദ് ബന്ധത്തേയും ബാധിക്കുന്ന വിഷയമാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന സമാന്തര സമ്പദ് വ്യവസ്ഥ കള്ളക്കടത്ത് സംഘത്തിന്റെ തണലില്‍ വളരാന്‍ അനുവദിച്ചുകൂടെന്നും മുല്ലപ്പള്ളി പറഞ്ഞു.