Asianet News MalayalamAsianet News Malayalam

'ആ നക്ഷത്രം പൊലീസ് യൂണിഫോമിലേതല്ല, ചെഗുവേരത്തൊപ്പിയിലേത്', കസ്റ്റംസിനോട് ഷാഫി

ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് നടത്തിയ റെയ്ഡില്‍ പൊലീസ് യൂണിഫോമില്‍ ഉപയോഗിക്കുന്ന തരം നക്ഷത്രമടക്കം കണ്ടെത്തിയിരുന്നു. ലാപ്ടോപും പിടിച്ചെടുത്തിരുന്നു. എന്നാല്‍ തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന നിലപാടിലാണ് ഷാഫി.  

gold smuggling quotation case shafi statement to customs
Author
Kochi, First Published Jul 13, 2021, 1:12 PM IST

കൊച്ചി: കസ്റ്റംസ് തന്‍റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത നക്ഷത്രം പൊലീസ് യൂണിഫോമിലേതല്ല, ചെഗുവേരത്തൊപ്പിയിലേതാണെന്ന് ടി പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷൻ കേസില്‍ കസ്റ്റംസിന്‍റെ ചോദ്യം ചെയ്യലിലാണ് ഷാഫിയുടെ മൊഴി.  അതേസമയം അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍സംസ്ഥാന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്നും റിമാന്‍ഡ് നീട്ടണമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. 

കൊടിസുനിയും ഷാഫിയുമടങ്ങുന്ന സംഘം കണ്ണൂര്‍ സ്വര്‍ണക്കടത്തിന്‍റെ രക്ഷാധികാരികളാണെന്നാണ്  കസ്റ്റംസ് കോടതിയെ അറിയിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി അര്‍ജുന്‍ ആയങ്കിയുമായി ഷാഫിക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ന് ഷാഫിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും. 

ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് നടത്തിയ റെയ്ഡില്‍ പൊലീസ് യൂണിഫോമില്‍ ഉപയോഗിക്കുന്ന തരം നക്ഷത്രമടക്കം കണ്ടെത്തിയിരുന്നു. ലാപ്ടോപും പിടിച്ചെടുത്തിരുന്നു. എന്നാല്‍ തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന നിലപാടിലാണ് ഷാഫി.  കസ്റ്റംസ് കണ്ടെടുത്ത നക്ഷത്രം പൊലീസ് യൂണിഫോമിലേതല്ല, ചെഗുവേരത്തൊപ്പിയിലേതാണെന്ന് ഷാഫി ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. ലാപ് ടോപ് സഹോദരിയുടേതാണ്. തന്‍റെ വിവാഹത്തിന് ആറായിരം പേരെത്തിയിരുന്നുവെന്നും അര്‍ജുന്‍ ആയങ്കി അതിലുണ്ടോ എന്ന് അറിയില്ലെന്നും ഷാഫി നേരത്തേ പറഞ്ഞിരുന്നു. 

അതേസമയം, സ്വര്‍ണക്കടത്തില്‍ രണ്ടുപേരെക്കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഷാഫിക്കും അര്‍ജുന്‍ ആയങ്കിക്കും സിം കാര്‍ഡ് എടുത്ത് നല്‍കിയ സക്കീനയുടെ മകന്‍ അജ്മലും സുഹൃത്ത് ആഷിഖുമാണ് കസ്റ്റഡിയിലുള്ളത്. ഇവരെയും ചോദ്യം ചെയ്യുകയാണ്.  അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍സംസ്ഥാന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വലിയ അളവില്‍ സ്വര്‍ണം ഇന്ത്യയിലെത്തിച്ചെന്നുമാണ് കസ്റ്റംസിന്‍റെ വാദം. അര്‍ജുന്‍ ആയങ്കിയെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഹൈക്കോടതിയെ സമീപിച്ചേക്കും.

Read More : 'അന്തർ സംസ്ഥാന കള്ളകടത്ത് റാക്കറ്റിലെ കണ്ണി, സ്വർണ്ണക്കടത്തിന് പങ്കാളികളേറെ', അർജ്ജുനെതിരെ കസ്റ്റംസ്

Follow Us:
Download App:
  • android
  • ios