തിരുവനന്തപുരം: ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്‍റും തമ്മിലുള്ള ധാരണാപത്രത്തിന്‍റെ പകർപ്പ് പുറത്ത്. സംസ്ഥാന സര്‍ക്കാരാണ് റെഡ് ക്രസന്‍റുമായുള്ള ധാരണാപത്രത്തിലെ രണ്ടാം കക്ഷി. പതിനാല് കോടി രൂപ ഭവനനിർമ്മാണത്തിനും അഞ്ച് ആശുപത്രി നിർമ്മാണത്തിനും വിനിയോഗിക്കണമെന്നാണ് ഉടമ്പടി. അതേസമയം കരാറുകാരനെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ധാരണാപത്രത്തിൽ പരാമര്‍ശമില്ല

പ്രളയ ബാധിതർക്കുള്ള കോടികളുടെ വിദേശ സഹായത്തിൽ തീർത്തും ദുർബലമായ ധാരണാപത്രം. ലൈഫ് മിഷനും യുഎഇ റെഡ് ക്രസന്‍റും തമ്മിൽ 2019 ജൂലൈ പതിനൊന്നിനാണ് ധാരണാപത്രം ഒപ്പിട്ടത്. അന്നത്തെ യുഎഇ ദിർഹം നിരക്കിൽ 19കോടിയുടെ സഹായമായിരുന്നു ധാരണ. പതിനാല് കോടിയോളം ഫ്ലാറ്റ് നിർമ്മാണത്തിൽ ബാക്കി തുക ആശുപത്രി നിർമ്മാണത്തിനും ധാരണയുണ്ടായത്. തുടർക്കരാറൊന്നുമില്ലാതെ ഈ ധാരണപത്രത്തിന്‍റെ ചുവടുപിടിച്ചാണ് യുണിടാക്കിന് റെഡ് ക്രസന്‍റ് നിർമ്മാണ ചുമതല നൽകിയത്. തുടർന്നാണ് യുണീടാക്ക് സ്വപ്നക്ക് ഒരുകോടി കമ്മീഷൻ നൽകുന്നത്. സംയുക്ത പദ്ധതിയായതിനാൽ മൂന്നാം കക്ഷിയുമായി കരാറിൽ ഏര്‍പ്പെടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അറിയണം. ഇതനുസരിച്ച് കരാറുകാരനെ തെരഞ്ഞെടുക്കുന്നതിൽ ലൈഫ് മിഷൻ ഭാഗമാകേണ്ടതായിരുന്നു.

എന്നാൽ, ഇത് ഉറപ്പാക്കാനുള്ള വ്യവസ്ഥ ധാരണാപത്രത്തിൽ ഉണ്ടായില്ല. ഒപ്പം കേന്ദ്രത്തിന്‍റെ മുന്‍കൂര്‍ അനുമതി ധാരണാപത്രത്തിന്‍റെ കാര്യത്തിലും വിദേശ ഫണ്ട് വാങ്ങുന്നതിലും വേണം.ഇതില്ലാതെയാണ് 2019 ജൂലൈ 21ന് തിടുക്കത്തിൽ കരാർ ഒപ്പിട്ടത്. ചുരുക്കത്തിൽ കേന്ദ്രത്തിന്‍റെ മുന്‍കൂര്‍ അനുമിതിയില്ലാതെ സർക്കാർ അന്തിമാനുമതി നൽകിയതും, റെഡ് ക്രസന്‍റ് സ്വന്തമായി കരാറുകാരനെ തിരഞ്ഞെടുത്തതും കമ്മീഷൻ കൊടുത്തതും ക്രമക്കേടാണ്. ഒടുവിൽ സംശയങ്ങൾ ബലപ്പെടുത്തി കൊണ്ട് ധാരണാപത്രത്തിലെ പഴുതുകളും പുറത്തുവന്നിരിക്കുകയാണ്.