രേഖകളില്ലാത്ത വാഹനം കൊണ്ട് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ഗൂഢപദ്ധതിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കവർച്ച കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ പ്രതികൾ പദ്ധതിയിട്ട കേസിൽ പൊലീസ് അന്വേഷണം ‍ഊ‍ർജ്ജിതമാക്കി. ​ഗൂഢാലോചനയിൽ പങ്കാളികളായ മൂന്ന് പേ‍ർക്കായി കൊടുവള്ളിയിൽ പൊലീസ് തെരച്ചിൽ നടത്തി. അന്വേഷണ സംഘത്തെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായ റിയാസ് എന്ന കുഞ്ഞീതുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി. ​ഗൂഢാലോചന കേസിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.

രേഖകളില്ലാത്ത വാഹനം കൊണ്ട് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ഗൂഢപദ്ധതിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണസംഘത്തിലെ ഒരു പ്രധാന ഉദ്യോഗസ്ഥനെയാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടത്. സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെയാണ് റിയാസ് എന്ന പ്രതിയെ പൊലീസ് പിടികൂടിയത്. 

ഇയാളുടെ ഫോൺ കസ്റ്റഡിയിലെടുത്തെങ്കിലും എല്ലാ വിവരങ്ങളും മായ്ച്ചു കളഞ്ഞിരുന്നു. സാങ്കേതിക വിദ​ഗ്ദ്ദരുടെ സഹായത്തോടെ ഫോണിലെ സന്ദേശങ്ങൾ വീണ്ടെടുത്തപ്പോൾ ആണ് പൊലീസിനെ ഞെട്ടിച്ചു കൊണ്ട് കൊലപാതകപദ്ധതിയുടെ വിവരങ്ങൾ വ്യക്തമായത്. സ്വ‍ർണക്കടത്ത് കേസിലെ മറ്റൊരു പ്രതിക്കയച്ച വാട്സാപ്പ് സന്ദേശത്തിലാണ് റിയാസ് എന്ന കുഞ്ഞീതു കൊലപാതകപദ്ധതിയെപ്പറ്റി പറയുന്നത്. തുടർന്ന് റിയാസിനെ ചോദ്യം ചെയ്ത പൊലീസ് കൊലപാതക പദ്ധതിയുടെ കാര്യം സ്ഥിരീകരിക്കുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona