സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് സ്വർണം വേർതിരിച്ചതിന്റെ നിർണായക രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
തിരുവനന്തപുരം: സ്മാർട്ട് ക്രിയേഷൻസിൽ സ്വർണം വേർതിരിച്ചതിന്റെ നിർണായക രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയിൽ നിന്നാണ് രേഖ പിടിച്ചെടുത്തത്. സ്വർണം വേർതിരിച്ചതിന്റെ കണക്കും കൂലിയുടെ വിവരങ്ങളും അടക്കം ഈ രേഖകളിൽ വ്യക്തമാണ്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തുടക്കം മുതൽ സ്മാര്‍ട്ട് ക്രിയേഷൻസ് പറഞ്ഞിരുന്നത് തങ്ങളുടെ കയ്യിൽ എത്തിയിരുന്നത് ചെമ്പുപാളിയാണ് എന്നായിരുന്നു. ആ വാദത്തിൽ തന്നെയാണ് അവര്‍ തുടര്‍ച്ചയായി ഉറച്ച് നിന്നത്. ദേവസ്വം ബോര്‍ഡ് അംഗങ്ങളും പറഞ്ഞിരുന്നത് ഇത്തരം വാദങ്ങള്‍ തന്നെ ആയിരുന്നു. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയിൽ നിന്നാണ് ഈ രേഖകള്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. അതിൽ വളരെ കൃത്യമായി എത്ര സ്വര്‍ണം കിട്ടിയിട്ടുണ്ട്, എന്തൊക്കെയാണ് പണിക്കൂലിയായി നൽകിയിട്ടുള്ളത്, എന്നതെല്ലാം കൃത്യമായി വേര്‍തിരിച്ച് പറയുന്നുണ്ട്.
സൈഡ് പാളികളിൽ നിന്ന് 409 ഗ്രാം സ്വര്‍ണം കിട്ടി, അതിന്‍റെ റിക്കവറി ചാര്‍ജായി 61,000 സ്മാര്‍ട്ട് ക്രിയേഷൻസ് ഈടാക്കിയത്. മാത്രമല്ല, ദ്വാരപാലക പാളികള്‍, അതിൽ 14 പീസസ് ആണ് കിട്ടിയത്. അതിൽ നിന്ന് 577 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചിട്ടുണ്ട്. മറ്റുള്ളവയിൽ നിന്ന് ഏകദേശം 3 ഗ്രാം. അങ്ങനെ 989 ഗ്രാം സ്വര്‍ണം. അതായത് ഒരു കിലോയോളം സ്വര്‍ണം ദ്വാരപാലക പാളിയിൽ നിന്നും സൈഡ് പാളിയിൽ നിന്നും മാത്രം സ്മാര്‍ട്ട് ക്രിയേഷൻസിൽ വേര്‍തിരിച്ചു എന്നാണ് കണക്ക്. പിന്നീട് പണിക്കൂലിയായി സ്വര്‍ണം തന്നെയാണ് ഇവരെടുക്കുന്നത്. 3 ലക്ഷത്തിലധികം രൂപയാണ് അവര്‍ പണിക്കൂലിയായി കാണിച്ചിരിക്കുന്നത്. 96.021 ഗ്രാം സ്വര്‍ണമാണ് സ്മാര്‍ട്ട് ക്രിയേഷൻസ് പണിക്കൂലിയായി എടുത്തെന്നാണ് രേഖയിലുള്ളത്. സ്വര്‍ണമൊന്നും എത്തിയില്ലെന്ന് പറഞ്ഞ സ്മാര്‍ട്ട് ക്രിയേഷൻസിന്‍റെ കയ്യിൽ നിന്നാണ് ഈ രേഖ പിടിച്ചെടുത്തിരിക്കുന്നത്.
ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ് സ്മാര്‌ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയ ജ്വല്ലറി ഉടമ ഗോവര്‍ധനും അറസ്റ്റിലായത്. ദ്വാരപാലക പാളിയിൽ നിന്നും സ്വര്‍ണം വേര്‍തിരിച്ചത് സ്മാര്‍ട്ട് ക്രിയേഷൻസിലാണ് എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. എന്നാൽ കിട്ടിയത് ചെമ്പുപാളികള്‍ എന്നാണ് അന്വേഷണ സംഘത്തിന് വ്യാജ മൊഴി നൽകിയത്. സ്വര്‍ണം വേര്‍തിരിക്കാൻ വൈദഗ്ധ്യം ഇല്ലെന്നുമാണ് ആദ്യം മൊഴി നൽകിയത്. അമൂല്യ സ്വര്‍ണം തട്ടാൻ ആസൂത്രണം നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.


