തിരുവനന്തപുരം: ദുഃഖവെള്ളി ദിനത്തില്‍ വിശ്വാസികള്‍ക്ക് സന്ദേശവുമായി കെസിബിസി പ്രസിഡണ്ടും തിരുവനന്തപുരം ലത്തീൻ അതിരൂപത അധ്യക്ഷനുമായ ആർച്ച് ബിഷപ്പ് സൂസൈപാക്യം. കുരിശാണ് നമ്മുടെ ചിഹ്നം. ചിഹ്നത്തിന് യാഥാര്‍ത്ഥ്യമുണ്ട്. ചിഹ്നങ്ങൾ കാണുമ്പോൾ ആ പാർട്ടിയുടെ സംഭാവനകളെ കുറിച്ചും സ്ഥാനാർത്ഥികളുടെ സംഭാവനകളെ കുറിച്ചുമാണ് ഓർമ്മ വരുന്നതെന്ന് സുസൈപാക്യം പറഞ്ഞു. 

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ 'ആദർശ ശുദ്ധിയോടുള്ള തീരുമാനം എടുക്കണം' എന്നും സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. കൂരിശിലെ കുഞ്ഞാട് ചെറിയൊരു കുഞ്ഞാടല്ലെന്ന് ഓർക്കണം. നിരവധി ചിഹ്നങ്ങളുടെ കൂട്ടത്തിൽ കുരിശും വിവാദമായിരിക്കുന്നു. സഭയെ താറടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സഭയെ ഇല്ലായ്മ ചെയ്യാൻ ഒരു ശക്തിക്കും കഴിയില്ലെന്നും സുസൈപാക്യം പറഞ്ഞു. 

കൊല്ലപ്പെട്ടെന്നു തോന്നുവെങ്കിലും എന്നും തലയെടുപോടെ തന്നെ സഭ നിൽക്കുമെന്നും ഇന്ത്യയെ ക്ഷേമരാഷ്ട്രമായി മാറ്റാനുള്ള പ്രവർത്തനവും മുന്നോട്ടു പോകുമെന്നും കുരിശു മാത്രമാണ് രക്ഷയെന്നും അദ്ദേഹം സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുകയാണ്. ക്രിസ്തുവിന്‍റെ കാൽവരി യാത്രയും പീഡാനുഭവവും കുരിശുമരണവും ഓർമ്മിച്ചാണ് ലോകമെങ്ങുമുള്ള ക്രൈസ്തവർ ദു:ഖവെള്ളി ആചരിക്കുന്നത്. 

സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിൽ ഇന്ന് വിശ്വാസികൾ മല ചവിട്ടും. മറ്റന്നാളാണ് ആണ് ഈസ്റ്റർ. വേർതിരിവിന്‍റെ മതിലുകൾ പിശാചിന്‍റെ സൃഷ്ടിയാണെന്ന് കര്‍ദ്ദിനാള്‍ മാർക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് പ്രത്യേക പ്രാർത്ഥനകൾ ഉണ്ടാകും. തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ കുരിശിന്‍റെ വഴി നടക്കും. 

അശാന്തി സൃഷ്ടിക്കുക പിശാചിന്‍റെ ജോലിയാണാണെന്നും മതത്തിന്‍റെയും സമുദായത്തിന്‍റെയും പേരിൽ വേർതിരിവ് സൃഷ്ടിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ മാർക്ലീമിസ് കാതോലിക്ക ബാവ തിരുവനന്തപുരത്ത് പറഞ്ഞു. ആരവ ഗാനങ്ങൾക്കിടയിൽ സങ്കീർത്തന ഗീതങ്ങൾ നിലച്ചുപോകരുതെന്നും കർദ്ദിൻ മാർക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.