കെ വി തോമസുമായി നല്ല ബന്ധം, സർക്കാരിനോട് നന്ദി: വേണു രാജാമണി
കെവി തോമസിന്റെ നിയമനവും തന്റെ പദവിയും തമ്മിൽ ഒരു ബന്ധവുമില്ലെന്നും ചുരുങ്ങിയ സമയം കൊണ്ട് കേരളത്തെ ആത്മാർത്ഥമായി സേവിക്കാൻ കഴിഞ്ഞെന്നും വേണു രാജാമണി

ദില്ലി: ദില്ലിയിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസുമായി നല്ല ബന്ധമാണുള്ളതെന്ന് ഇന്നലെ ദില്ലിയിലെ സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യല്‍ ഡ്യൂട്ടി സ്ഥാനം ഒഴിഞ്ഞ വേണു രാജാമണി. സംസ്ഥാന സർക്കാരിനോട് നന്ദിയുണ്ടെന്നും വേണു രാജാമണി കൂട്ടിചേർത്തു. അതേസമയം കെ വി തോമസിന്റെ നിയമനവും തന്റെ പദവിയും തമ്മിൽ ഒരു ബന്ധവുമില്ലെന്നും ചുരുങ്ങിയ സമയം കൊണ്ട് കേരളത്തെ ആത്മാർത്ഥമായി സേവിക്കാൻ കഴിഞ്ഞെന്നും വേണു രാജാമണി പറഞ്ഞു. മുഖ്യമന്ത്രിക്ക് അയച്ച കത്ത് സമൂഹ മാധ്യമത്തിൽ പങ്ക് വെച്ചിട്ടുണ്ടെന്നും താൻ സ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച് തെറ്റായ പ്രചാരണം ആണ് നടക്കുന്നതെന്നും സർക്കാരിന്റെ വലിയ സഹകരണം തനിക്ക് ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യല്‍ ഡ്യൂട്ടിയായി സേവനം അനുഷ്ഠിച്ചപ്പോൾ ഓരോ രാജ്യത്തിന്റെയും ശക്തിയെ കേരളത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് താൻ നോക്കിയതെന്നും നെതർലാൻഡ്സുമായി സഹകരിച്ച് പ്രളയ സാഹചര്യങ്ങളെ എങ്ങനെ നേരിടാം എന്ന് പരിശോധിച്ചെന്നും വേണു രാജാമണി പറഞ്ഞു. ക്യൂബ, നോർവെ തുടങ്ങിയ രാജ്യങ്ങളുടെ സേവനം പ്രയോജനപ്പെടുത്താൻ നമുക്കാവണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇന്നലെയായിരുന്നു വേണു രാജാമണി തന്റെ ദില്ലിയിലെ ഓഫീസർ ഓൺ സ്പെഷ്യല്‍ ഡ്യൂട്ടി സ്ഥാനം ഒഴിഞ്ഞത്.
അതേസമയം വേണു രാജാമണിയുടെ കാലവധി രണ്ടാഴ്ച്ച കൂടി സംസ്ഥാന സർക്കാർ നീട്ടി നൽകിയിരുന്നെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. ഔദ്യോഗികമായി ചില ജോലികൾ പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് സമയം നീട്ടി നൽകിയതെന്നും എന്നാൽ ഈ ജോലികൾ റദ്ദാക്കിയ സാഹചര്യത്തിൽ തുടരുന്നില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ വേണുരാജാമണി വ്യക്തമാക്കിയിരുന്നു.
Read More: വേണു രാജാമണി സ്ഥാനം ഒഴിഞ്ഞു; കാലാവധി 2 ആഴ്ച കൂടി നീട്ടിയ നടപടി നിരസിച്ചു
മുൻ കേന്ദ്രമന്ത്രി കെ വി തോമസിനെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി കേരള ഹൗസിൽ നിയമിച്ചതോടെ ഒരേതലത്തിലുള്ള രണ്ട് പദവികൾ സൃഷ്ടിച്ച് സർക്കാർ പണം പാഴാക്കുന്നു എന്ന ആരോപണം ഉയർന്നിരുന്നു. ഇതോടെയാണ് കേരള സർക്കാരിന്റെ ദില്ലിയിലെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി ഐഎഫ്എസിന്റെ സേവനം സർക്കാർ അവസാനിപ്പിച്ചേക്കും എന്ന സൂചനകൾ ശക്തമായത്.