അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപം തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. 

ആലപ്പുഴ: അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപം തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. പാത ഇരട്ടിപ്പിക്കലിന് മെറ്റലുമായി പോയ തീവണ്ടിയാണ് അമ്പലപ്പുഴ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് 2.10-ഓടെ പാളം തെറ്റിയത്. ഹരിപ്പാട്- അമ്പലപ്പുഴ പാതയില്‍ പാത ഇരട്ടിപ്പ് ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിനായി മെറ്റലുമായി ആലപ്പുഴയില്‍ നിന്നും വരികയായിരുന്നു ട്രെയിന്‍. 

തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് ഇതു വഴി കടന്നു പോകേണ്ട വിവിധ തീവണ്ടികള്‍ പലയിടത്തായി പിടിച്ചിട്ടിരിക്കുകയാണ്. നേത്രവതി എക്സപ്രസ് ചേര്‍ത്തലയിലും മെമു ട്രെയിന്‍ നിലവില്‍ ഒരു മണിക്കൂറിലേറെയായി പിടിച്ചിട്ടുണ്ട്. പാളം ശരിയാക്കുന്നതിനായി എറണാകുളത്ത് നിന്നും പ്രത്യേക സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറിനകം പാതയില്‍ തീവണ്ടി ഗതാഗതം പുനസ്ഥാപിക്കാനാവും എന്നാണ് റെയില്‍ അധികൃതര്‍ പറയുന്നത്.