അനീഷ്, ബന്ധുവി്നറെ വീട്ടിൽ ഒളിവിൽ കഴിയുന്ന വിവരം പുറത്തു പറഞ്ഞു എന്നാരോപിച്ചാണ് കിരണിന്റെ വീട് ആക്രമിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കുറ്റിച്ചൽ മലവിളയിൽ വീടിന് നേരെ ക്രിമിനൽ കേസ് പ്രതി ബോംബെറിഞ്ഞു. മലവിള സ്വദേശി കിരണിന്റെ വീടിന് നേരെയാണ് ബോംബാക്രമണമുണ്ടായത്. നിരവധി കേസിൽ പ്രതിയായ അനീഷ് എന്നയാളാണ് ബോംബെറിഞ്ഞതെന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അനീഷ്, ബന്ധുവി്നറെ വീട്ടിൽ ഒളിവിൽ കഴിയുന്ന വിവരം കിരൺ പുറത്തു പറഞ്ഞു എന്നാരോപിച്ചാണ് വീട് ആക്രമിച്ചത്. നെയ്യാർ ഡാം പൊലീസ് പരിശോധന നടത്തി.
ഇന്നലെയും സമാനമായ രീതിൽ തലസ്ഥാനത്ത് ഗുണ്ടാ ആക്രമണമുണ്ടായിരുന്നു. കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ഒരു സംഘം ബോംബെറിയുകയായിരുന്നു. ആക്രമണത്തിൽ തുമ്പ സ്വദേശി ക്ലീറ്റസിന്റെ വലത് കാലിന് ഗുരുതര പരിക്കേറ്റു. കഠിനംകുളം സ്വദേശി അജിത്ത് ലിയോണിന്റെ തൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. ലഹരിമാഫിയാ സംഘമാണ് കൃത്യത്തിന് പിന്നിലെന്നാണ് സംശയം. ക്ലീറ്റസിനൊപ്പമുണ്ടായിരുന്ന സുനിലിനെയാണ് ആക്രമി സംഘം ലക്ഷ്യം വച്ചിരുന്നത്. ആക്രമണം നടത്തിയ അജിത്ത് നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയാണ്. ആഴ്ചകൾക്ക് മുൻപാണ് ഇയാൾ ജയിലിൽ നിന്ന് ഇറങ്ങിയത്. സംഭവത്തിൽ നാലംഗ ക്വട്ടേഷൻ സംഘം പിടിയിലായിട്ടുണ്ട്.
കേരളത്തിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; പാലക്കാട് യുവാവിനെ തല്ലിക്കൊന്നു
പാലക്കാട്: പാലക്കാട് ഒലവക്കോട് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് മരിച്ചത്. ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ച് പുലർച്ചെ ഒരു മണിയോടെയാണ് റഫീഖിനെ ആൾക്കൂട്ടം മർദ്ദിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, പല്ലശന സ്വദേശി സൂര്യ എന്നിവരാണ് നിലവിൽ പൊലീസിന്റെ പിടിയിലായത്.
മുണ്ടൂർ കുമ്മാട്ടിക്കെത്തിയ മൂന്നംഗ സംഘം അടുത്തുള്ള ബാറിൽ മദ്യപിക്കാൻ കയറി. പുറത്തിറങ്ങിയപ്പോൾ ഇവർ വന്ന ബൈക്ക് അവിടെയുണ്ടായിരുന്നില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ ബൈക്ക് കൊണ്ടുപോകുന്നത് കണ്ടു. ബൈക്ക് മോഷ്ടാവിനായുള്ള തെരച്ചലിനിടെയാണ് റഫീക്ക് ഇവരുടെ മുന്നിൽപ്പെടുന്നത്. ബൈക്ക് കൊണ്ടുപോയ ആൾ ധരിച്ച അതേ വസ്ത്രങ്ങളായിരുന്നു റഫീക്ക് ധരിച്ചിരുന്നത്. റഫീക്കാണ് മോഷ്ടാവെന്ന ധാരണയിലായിരുന്നു മർദ്ദനം. ബൈക്ക് കൊണ്ടുപോയത് റഫീക്ക് തന്നെയാണോയെന്നതിൽ വ്യക്തതയായിട്ടില്ല.
