വെട്ടുകത്തി ജോയിയുടെ കൊലപാതകം; 5 പേർ അറസ്റ്റിൽ, ഒരാൾക്കായി തെരച്ചിൽ; കൊലയ്ക്ക് കാരണം മുൻവൈരാഗ്യമെന്ന് പൊലീസ്
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൗഡിക്കോണത്ത് വെച്ച് ജോയിയെ വെട്ടിപ്പരിക്കേൽപിക്കുന്നത്. ശനിയാഴ്ച രാവിലെ ജോയി മരിച്ചു.
തിരുവനന്തപുരം: പൗഡിക്കോണത്തെ ഗുണ്ടാനേതാവ് വെട്ടുകത്തി ജോയിയെ കൊലപ്പെടുത്തിയ കേസിൽ5 പേർ അറസ്റ്റിൽ. രാജേഷ്, ഉണ്ണികൃഷ്ണൻ, വിനോദ്, നന്ദു ലാൽ, സജീർ എന്നിവരാണ് പിടിയിലായത്. അൻവർ എന്ന പ്രതി കൂടി പിടിയിലാകാനുണ്ട്. അൻവറും ജോയിയും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൗഡിക്കോണത്ത് വെച്ച് ജോയിയെ വെട്ടിപ്പരിക്കേൽപിക്കുന്നത്. ശനിയാഴ്ച രാവിലെ ജോയി മരിച്ചു.
നേരിട്ട് കൃത്യത്തിൽ പങ്കെടുത്ത 3 പേരും ഗൂഢാലോചനയിൽ പങ്കെടുത്ത 2 പേരുമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. രാജേഷും ഉണ്ണിക്കൃഷ്ണനും വിനോദും നന്ദുലാലും ചേർന്നാണ് ഓട്ടോ അടിച്ചു തകർത്ത് ജോയിയെ വെട്ടുന്നത്. ശ്രീകാര്യം പോലീസിന്റെ പിടിയിലുള്ള പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
തിരുവനന്തപുരത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു; ജയിലില്‍ നിന്ന് പുറത്തിറങ്ങിയത് 2 ദിവസം മുമ്പ്
കൊലക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ജോയ്. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ട് ദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിൽ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനിൽ വച്ച് വെട്ടുകയായിരുന്നു. രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ പൊലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെട്ടേറ്റ് അര മണിക്കൂറിലധികം റോഡിൽ രക്തത്തിൽ കുളിച്ച് കിടന്ന ജോയിയെ ഒടുവിൽ പൊലീസ് ജീപ്പിലാണ് ആശുപത്രിലെത്തിക്കുകയായിരുന്നു. വട്ടപ്പാറ, പോത്തൻകോട് ഉൾപ്പെടയുള്ള സ്റ്റേഷനുകളിലെ ക്രിമിനൽ ലിസ്റ്റിൽ ജോയിയുണ്ട്. മേഖലയിൽ ഗുണ്ടാ കുടിപ്പക ആക്രമണം സ്ഥിരമായി നടക്കുന്നതാണ്. ഓരോ സംഭവത്തിന് ശേഷവും പൊലീസ് പുതിയ ഓപ്പറേഷൻ തുടങ്ങുമെങ്കിലും വൈകാതെ ഗുണ്ടകൾ വീണ്ടും സജീവമാകുന്നതാണ് പതിവ്.