തിരുവനന്തപുരം: പഠനസൗകര്യമില്ലാത്ത തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറ വാലിക്കുന്ന് കോളനിയിലേക്ക് സഹായവുമായി നിരവധി പേ‍ർ രംഗത്ത്. കോളനിയിലെ വിദ്യാർത്ഥികളുടെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളത്തിലൂടെയാണ്  പുറംലോകത്തെ അറിയിച്ചത്. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയെങ്കിലും വെഞ്ഞാറൻമൂട് പുല്ലമ്പാറ വാലികുന്നിലെ കുട്ടികൾക്ക് ഈ സൗകര്യമുണ്ടായിരുന്നില്ല. മലമുകളിലെ വീടുകളിലേക്ക് പഠനോപകരണങ്ങളുമായി ഒരു സംഘം അധ്യാപകർ മലകയറുന്ന വാർത്തയാണ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്. തേബാംമൂട് ജനതാ ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകരായിരുന്നു കുന്നിൻമുകളിലെത്തിയത്. 

ഈ വാർത്ത കണ്ട സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ കുട്ടികൾക്കായി ടിവിയുമായി കോളനിയിലെത്തി. ഡിഷ് കണക്ഷനും സ്ഥാപിച്ച് നൽകി. 1987 എസ്എസ്സി ബാച്ചിലെ വിദ്യാർത്ഥി കൂട്ടായ്മയായിരുന്നു സഹായവുമായെത്തിയത്. 'ഏഷ്യാനെറ്റിൽ വന്ന വാർത്തയെ തുടർന്നാണ് ഞങ്ങൾ‌ ഈ സഹായവുമായി എത്തിയത്. പത്തിരുപത് കുട്ടികൾ‌ ഓൺലൈൻ പഠന സൗകര്യമില്ലാതെ വിഷമിക്കുന്നതായി വാർത്തയിൽ നി്ന് മനസ്സിലായി. ഞങ്ങളുടെ ഒരു കൂട്ടായ്മയുണ്ട്. അതിൽ ഈ വിഷയം ഞങ്ങൾ ചർച്ച ചെയ്തിരുന്നു. അങ്ങനെയാണ് ഒരു ടിവിയും ഡിറ്റിഎച്ച് കണക്ഷനും ഇവർക്ക് നൽകാൻ തീരുമാനിച്ചത്.' ഇവർ പറയുന്നു.  ഗൾഫിലെ ചില വ്യക്തികളും സംഘടനകളും സഹായവാഗ്ദാനവുമായി എത്തിയതായി സ്കൂൾ അധികൃതർ വ്യക്തമാക്കി.