Asianet News MalayalamAsianet News Malayalam

വാളയാറിലെ പെൺകുട്ടികളുടെ മരണം: സിബിഐ അന്വേഷണം വേണം; ശക്തമായ പ്രക്ഷോഭത്തിന് ​ഗോത്രമഹാസഭ

കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ നവം‌ബർ പതിനാറിന് അട്ടപ്പള്ളത്തേക്ക് പ്രതിഷേധ മാ‌ർച്ച്.

gothra mahasabha for strong protest on walayar girls death
Author
Kochi, First Published Oct 30, 2019, 5:14 PM IST

കൊച്ചി: വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച് ആ​ദിവാസി ​ഗോത്രമഹാസഭയും. അട്ടിമറിക്കപ്പെട്ട കേസിൽ അപ്പീൽ പോയാൽ മാത്രം നീതി ലഭിക്കില്ല. ഈ സാഹചര്യത്തിൽ കേസ് സിബിഐക്ക് വിടണമെന്നും ​ഗോത്രമഹാസഭാ നേതാവ് എം ​ഗീതാനന്ദൻ ആവശ്യപ്പെട്ടു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ നവം‌ബർ പതിനാറിന് അട്ടപ്പള്ളത്തേക്ക് പ്രതിഷേധ മാ‌ർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു

വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാ‌‌ർട്ടികളുടെയും സംഘടനകളുടെയും മനുഷ്യാവകാശ പ്രവ‌ർത്തരുടെയും പ്രതിഷേധം തുടരുകയാണ്. സ‌ർക്കാരിനെ പ്രതിരോധത്തിലാക്കിയ കേസിൽ ഇനി സിബിഐ വേണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.

തുടക്കം മുതൽ അട്ടിമറി നടന്നെന്ന ആരോപണം ഉയരുന്ന കേസിൽ പ്രോസിക്യൂഷനും അന്വേഷണസംഘവും ഒരേ പോലെ പ്രതിരോധത്തിലാണ്. കൊലപാതകമെന്ന് മാതാപിതാക്കൾ മൊഴി നൽകിയിട്ടും കൊലപാതകത്തിന്റെ സാധ്യത പോലും പരിഗണിച്ചില്ലെന്ന് വ്യക്തമാക്കുന്ന കുറ്റപത്രത്തിന്റെ പകർപ്പ് ഇന്ന് പുറത്തു വന്നിരുന്നു.

മൊഴി പകർപ്പ് വായിച്ചു കേൾപ്പിക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. ഈ ഘട്ടത്തിൽ പുനരന്വേഷണത്തിൽ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും വാളയാർ കേസിൽ പ്രതിഷേധം ഉയർത്തുന്നവർ തയ്യാറല്ല. 

ഒന്നിനു പുറകെ ഒന്നായി പ്രതിഷേധങ്ങളുയരുമ്പോൾ കേസിൽ പുനരന്വേഷണത്തിന് സർക്കാർ തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. ദേശീയ ബാലാവകാശ കമ്മീഷനും പട്ടിക ജാതി കമ്മീഷനും തുടങ്ങി സംസ്ഥാനത്തെ വനിതാ കമ്മീഷൻ വരെ കേസിൽ പുനരന്വേഷണം എന്നാവശ്യം മുന്നോട്ട് വയ്ക്കുമ്പോൾ സർക്കാർ നേരിടുന്നത് കടുത്ത സമ്മർദ്ദമാണ്.

Follow Us:
Download App:
  • android
  • ios