കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നൽകിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിൽ. കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രം ആണെന്നിരിക്കെ ഇപ്പോൾ ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നാണ് സര്‍ക്കാര്‍ വാദം. ഇത് കേസ് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. 

കേസിൽ ശ്രീറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. അത് കൊണ്ടുതന്നെ മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ നടപടികൾ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. തെളിവു നശിപ്പിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ബോധപൂര്‍വ്വം ശ്രമിച്ചെന്നും സര്‍ക്കാര്‍ വാദിച്ചു. 

മദ്യപരിശോധന ഒഴിവാക്കാൻ ബോധപൂര്‍വ്വം ഇടപെടൽ നടത്തി. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് അറിയാതെ കിംസ് ആശുപത്രിയിൽ പോയി ചികിത്സതേടി. അതുകൊണ്ടു തന്നെ രക്ത പരിശോധന രാവിലെ മാത്രമെ നടത്താനായുള്ളു എന്നും വാദമുണ്ട്. ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും സ്റ്റേറ്റ് അറ്റോര്‍ണി ഹൈക്കോടതിയിൽ പറഞ്ഞു.