Ukraine Crisis : കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും ബസ് സര്‍വീസുണ്ടാകും.
തിരുവനന്തപുരം: യുക്രെയിനിൽ (ukraine) നിന്ന് ദില്ലിയില്‍ (Delhi) എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). ആദ്യ വിമാനം രാവിലെ 9.30ന് ദില്ലിയില്‍ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ദില്ലിയില്‍ നിന്ന് പുറപ്പെടും. കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും ബസ് സര്‍വീസുണ്ടാകും. കൊച്ചിയില്‍ എത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ടീമുകൾ പ്രവര്‍ത്തനനിരതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
- എട്ടാം ദിനവും കടുത്ത ആക്രമണം തുടർന്ന് റഷ്യ; ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് മന്ത്രി അജയ്ഭട്ട്
യുക്രൈൻ: യുദ്ധം തുടങ്ങി എട്ടാം ദിവസവും റഷ്യ പിന്നോട്ടില്ല. സകലതും തകർത്തെറിഞ്ഞ് റഷ്യയുടെ യുക്രൈൻ നഗരങ്ങളിൽ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. കീവിലും കാര്‍ക്കീവിലും കഴിഞ്ഞ രാത്രിയും ഷെല്ലാക്രമണവും സ്ഫോടനവും തുടർന്നു. കൂടുതൽ ജനവാസ കേന്ദ്രങ്ങളെ റഷ്യ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. വിനാശകരമായ ആയുധങ്ങൾ റഷ്യ ഉപയോഗിക്കുമെന്നും മുന്നറിയിപ്പ് ഉണ്ട്. യുക്രൈന്‍ പട്ടാളത്തെ കൊന്നൊടുക്കാൻ ശ്രമമെന്നും അമേരിക്ക വിലയിരുത്തുന്നു. ഒരാഴ്ചയ്ക്കിടെ 9000 റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ പ്രസിഡന്‍റ് സെലെൻസ്കി വ്യക്തമാക്കി.
ഇതിനിടെ റഷ്യ യുക്രൈൻ രണ്ടാംഘട്ട സമാധാന ചർച്ച ഇന്ന് നടക്കുകയാണ്. ബെലാറൂസ് പോളിഷ് അതിർത്തിയിലാണ് ചർച്ച. ചർച്ചയ്ക്കായി ഇന്നലെ തന്നെ റഷ്യൻ സംഘം എത്തിയിരുന്നു. വെടി നിർത്തലും ചർച്ചയാകുമെന്നാണ് പുടിൻ പറയുന്നത്. യുക്രൈനില്‍ നിന്ന് റഷ്യ പിന്മാറണമെന്ന പ്രമേയം യുഎൻ പൊതുസഭ വൻ ഭൂരിപക്ഷത്തിൽ ഇന്നലെ പാസാക്കി. വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വീണ്ടും വിട്ടുനിന്നു. ചൈനയും പാക്കിസ്ഥാനും വിട്ടു നിന്ന രാജ്യങ്ങളുടെ കൂട്ടത്തിലുണ്ട്. റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങളുമായി രാജ്യങ്ങളും വ്യവസായ സ്ഥാപനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. റഷ്യ, ബെലാറൂസ് രാജ്യങ്ങളിലെ പദ്ധതികൾ ലോകബാങ്ക് നിർത്തി. അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ ഫിച്ച് റഷ്യയുടെ റേറ്റിങ് താഴ്ത്തി. ഓറക്കിളും കാനനും റഷ്യയിലെ പ്രവർത്തനങ്ങൾ നിർത്തുകയും ചെയ്തു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിൽ ഇന്നലെ നടത്തിയ ചർച്ചയിൽ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. റഷ്യൻ അതിർത്തി വഴി ഇവരെ രക്ഷപ്പെടുത്താൻ സഹായിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഖാര്‍ക്കീവ് വിടാനാകാതെ റെയിൽവേ സ്റ്റേഷനുകളില്‍ കുടുങ്ങിയിരിക്കുകയാണ് നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. ട്രെയിനുകളില്‍ ഇന്ത്യക്കാരെ കയറ്റാന്‍ തയാറാകുന്നില്ലെന്ന് പല വിദ്യാര്‍ഥികളും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ രാവിലെ 7 മുതൽ സ്റ്റേഷനിൽ കാത്തുനിൽക്കുകയാണെങ്കിലും ട്രെയിനിൽ കയറാനാകുന്നില്ല. കൊടുംതണുപ്പും നഗരത്തിലെ സ്ഫോടനങ്ങളും കാരണം സമീപപ്രദേശങ്ങളിലേക്ക് നടന്നു പോകാനും കഴിയില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
