തുറമുഖത്തിനായി ക്രെയിൻ കൊണ്ടുവരുന്നതിനെ ആഘോഷിക്കുന്നു, വിഴിഞ്ഞത്ത് പൂർത്തിയായത് 60% പണി മാത്രം- ഫാ യൂജിൻ പെരേര
പലരും നാളെ കരിദിനം ആചരിക്കണം എന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നെന്നും എന്നാൽ സഭ അതിനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തതെന്നും ഫാ യുജിൻ പെരേര

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ ക്രെയിൻ കപ്പലിൽ കൊണ്ടുവരുന്നതിനെയാണ് സർക്കാർ ആഘോഷിക്കുന്നതെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേര. വിഴിഞ്ഞത്ത് പൂർത്തിയായത്അറുപത് ശതമാനം പണി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പലരും നാളെ കരിദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നതായും എന്നാൽ സഭ അതിനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തതെന്നും ഫാ യുജിൻ പെരേര കൂട്ടിചേർത്തു.
സർക്കാർ തങ്ങളുടെ അനുമതി ഇല്ലാതെ ആർച്ച് ബിഷപിന്റെയും സൂസെപാക്യം പിതാവിന്റെയും പേര് നോട്ടീസിൽ വച്ചതായും ഭരണാധികാരികൾ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും യുജിൻ പെരേര ആരോപിച്ചു. അതേസമയം നാളത്തെ പരിപാടിയിൽ പങ്കെടുക്കുന്നതിന് ആർക്കും വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം മറ്റൊരു മുതലപ്പൊഴിയായി മാറുമെന്നും സഹകരണ മേഖലയിൽ ഉൾപ്പെടെ സർക്കാറിന്റെ വാഗ്ദാനങ്ങളിൽ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേര രംഗത്തെത്തിയിരുന്നു. വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കണ്ണിൽ പൊടിയിടാനാണെന്നായിരുന്നു ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രതികരണം. സമരം അവസാനിപ്പിച്ച സമയത്തെ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്നും ചടങ്ങിൽ സർക്കാരുമായി സഹകരിക്കില്ലെന്നും യൂജിൻ പെരേര ഇന്നലെ വ്യക്തമാക്കിയിരുന്നു.
Read More: കപ്പലിനെ സ്വീകരിക്കാൻ വിഴിഞ്ഞം ഇടവക; വിഴിഞ്ഞത്തെ സ്വീകരണ ചടങ്ങിൽ പങ്കെടുക്കും
അതിനിടെ മന്ത്രി സജി ചെറിയാൻ വിഴിഞ്ഞം ലത്തീൻ ഇടവക വികാരി മോൺസിംഗർ നിക്കോളാസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങൾ വികസനത്തിനെതിരല്ലെന്നും എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്നുമായിരുന്നു ചർച്ചക്ക് ശേഷമുള്ള മോൺസിംഗർ നിക്കോളാസിന്റെ പ്രതികരണം. മന്ത്രിയിൽ നിന്നും ഉണ്ടായത് അനുകൂലമായ സമീപനമായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് ഔദ്യോഗികമായ ക്ഷണമുണ്ടെന്നും എന്നാൽ ചടങ്ങിൽ പങ്കെടുക്കണമോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും മോൺസിംഗർ നിക്കോളാസ് പറഞ്ഞിരുന്നു.