Asianet News MalayalamAsianet News Malayalam

K Rail : കെ റെയിലുമായി സർക്കാർ മുന്നോട്ട്; റെയിൽവേ ഭൂമിയിൽ അതിരടയാള കല്ലുകൾ സ്ഥാപിക്കും, സംയുക്ത പരിശോധനയും

റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടർ ഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കുന്നത്

government decided to place boundary stones on railway land for k rail project
Author
Thiruvananthapuram, First Published Dec 6, 2021, 8:52 PM IST

തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും കെ റെയിൽ പദ്ധതിയുമായി (K Rail) സർക്കാർ മുന്നോട്ട്. തിരുവനന്തപുരം-കാസർകോട് (Thiruvananthapuram-Kasargod) സിൽവർലൈൻ പദ്ധതിക്ക് (Silver Line Project) റെയിൽവേ ഭൂമിയിൽ അതിരടയാള കല്ലുകൾ സ്ഥാപിക്കാൻ തീരുമാനമായി. ഇതിനായി റെയിൽവേയും കെ റെയിലും സംയുക്തപരിശോധന നടത്തും. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടർ ഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കുന്നത്.

അതിരടയാളകല്ലുകൾ സ്ഥാപിക്കുന്നതിൽ പ്രതിഷേധം തുടരുമ്പോഴാണ് റെയിൽവേഭൂമിയിൽ അതിരടയാളകല്ലുകളിടാൻ തീരുമാനിച്ചത്. റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമയും ചീഫ് സെക്രട്ടറിയുമായി നടത്തിയ ചർച്ചയിലാണ് നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചത്. റെയിൽവേഭൂമിയിലൂടെ പോകുന്ന ലൈനിന്റെ അലൈൻമെന്‍റാണ് സംയുക്തപരിശോധന നടത്തുന്നത്.

പദ്ധതിക്കായി ഏറ്റെടുക്കേണ്ട 185 ഹെക്ടർ ഭൂമി റെയിൽവേയുടെ വിഹിതമായി കണക്കാകും. തിരുവനന്തപുരം മുതൽ കാസർകോട് വരെ 530 കിലോ മീറ്റർ നീളത്തിലാണ് പാത. 11 ജില്ലകളിലൂടെയാണ് പാത കടന്ന് പോകുന്നത്. ഇതിൽ തിരുവന്തപുരം കൊല്ലം എറണാകുളം തൃശൂർ കണ്ണൂർ കാസർകോട് ജില്ലകളിൽ ഇപ്പോൾ അതിരടയാളകല്ലിടൽ നടക്കുന്നുണ്ട്.

പദ്ധതിക്കെതിരെ യുഡിഎഫ് സംസ്ഥാനവ്യാപകപ്രക്ഷോഭം നടത്തുമ്പോഴാണ് റെയിൽവേഭൂമി ഏറ്റെടുത്ത് നടപടി തുടങ്ങാൻ തീരുമാനിച്ചത്. കെ റയിൽ പദ്ധതിക്കെതിരെ ഈ മാസം 18 ന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്തുമെന്ന് യു ഡി എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. കെ റയിലിന്‍റെ നിശ്ചിത പാതകടന്ന് പോകുന്ന സ്ഥലങ്ങളിലും സമരം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കെ റെയിൽ നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതി ജനവിരുദ്ധമാണെന്നും പദ്ധതിയെ എതിർക്കുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രഖ്യാപിച്ചിട്ടുണ്ട്.

കെ റെയിലിനെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് യുഡിഎഫ്, 18 ന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സമരം

അതേസമയം കെ റെയിൽ ഹരിത പദ്ധതിയാണെന്നും സംസ്ഥാന വികസനത്തിൽ നി‍ർണായകമാകുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട്. കെ റെയിൽ പദ്ധതി എല്ലാതരത്തിലും സ്വാഗതാർഹമായ പദ്ധതിയെന്നാണ് കേന്ദ്രവും സംസ്ഥാനവും വിലയിരുത്തിയതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 49% ഓഹരി കേന്ദ്രവും 51% ഓഹരി സംസ്ഥാനവും എടുത്തുകൊണ്ട് കമ്പനി രൂപീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നാടിന്‍റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ചിലര്‍ക്കുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കെ റെയിൽ ഹരിത പദ്ധതി, കേരളത്തെ ഞെക്കിക്കൊല്ലാൻ കേന്ദ്ര നീക്കം; മോദിയെ കാണുമെന്നും മുഖ്യമന്ത്രി

സിൽവ‍ർലൈൻ പദ്ധതിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ റെയില്‍ എംഡി വി അജിത് കുമാറും നേരത്തെ രംഗത്തെത്തിയിരുന്നു. കെ റെയില്‍ കേരളത്തെ രണ്ടായി വിഭജിക്കില്ലെന്നും അത്തരത്തിൽ കേരളത്തെ രണ്ടായി മുറിക്കുന്ന മതിലുകള്‍ നിര്‍മിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. റെയില്‍വേ നിയമ പ്രകാരമുള്ള സംരക്ഷണ വേലി മാത്രമാണ് കെട്ടുകയെന്നും ഓരോ 500 മീറ്ററിലും റോഡ് മുറിച്ച് കടക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകുമെന്നും അഞ്ചുകൊല്ലം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്നും കെ റെയില്‍ എംഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

'കെ റെയില്‍ കേരളത്തെ രണ്ടായി വിഭജിക്കില്ല', അഞ്ചുകൊല്ലം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്ന് എംഡി

Follow Us:
Download App:
  • android
  • ios