Asianet News MalayalamAsianet News Malayalam

സെൻസസിനുള്ള വിജ്ഞാപനം പുറത്തിറങ്ങി; ഒന്നാം ഘട്ടത്തില്‍ 31 ചോദ്യങ്ങള്‍,വിവാദ ചോദ്യങ്ങളൊന്നുമില്ല

വാസസ്ഥലം, ശുചിമുറി, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ ചോദ്യങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

government declared Census questions
Author
trivandrum, First Published Jan 30, 2020, 3:08 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാംഘട്ട സെൻസസിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. കേന്ദ്ര സർക്കാർ നൽകിയ 31 ചോദ്യവാലി ഉള്‍പ്പെടുത്തിയാണ് പൊതുഭരണവകുപ്പ് വിജ്ഞാപനം ഇറക്കിയത്. കുടുംബ നാഥന്‍റെ പേരും തൊഴിലും ഉൾപ്പെടുയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. ഭവന സൗകര്യം, പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവയും ചോദ്യാവലിയിലുണ്ട്. വിവാദ ചോദ്യങ്ങളൊന്നും തന്നെ ആദ്യഘട്ടത്തിലില്ല.

അതേസമയം പൗരത്വ പട്ടികയ്ക്കായുളള വിവരശേഖരണത്തിന് നിർദ്ദേശം നൽകിയ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാന്‍ കൊടുവളളി നഗരസഭ തീരുമാനിച്ചു. എന്‍പിആറിനായി വിവരശേഖരണം നടത്തില്ലെന്ന് സർക്കാർ ഉത്തരവിറക്കും വരെ സെൻസസുമായി സഹകരിക്കേണ്ടെന്നും മുസ്ലിം ലീഗ് നേതൃത്വത്തിലുളള നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. യോഗത്തില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു.

സെൻസസ് നടപടികൾക്കായി എന്യുമേറേറ്റർമാരെ വേണമെന്നാവശ്യപ്പെട്ട് ജനുവരി 21 ന്  കൊടുവളളി നഗരസഭ സെക്രട്ടറിയുടെ ചുമതല ഉണ്ടായിരുന്ന സൂപ്രണ്ട് മധുവും ഹെഡ് ക്ലർക്ക് ഹസ്സൻകുട്ടിയും സ്കൂളുകൾക്ക് കത്തയച്ചിരുന്നു. ഈ കത്തിൽ സെൻസസിന് ഒപ്പം എൻപിആർ വിവരശേഖരണവും നടത്തണമെന്ന  സർക്കാർ ഉത്തരവും റഫറൻസായി നൽകിയിരുന്നു. നഗരസഭാ ചെയര്‍മാന്‍ അറിയാതെ ഇത്തരമൊരു കത്തയച്ചതിനാണ് ഇരുവര്‍ക്കുമെതിര നടപടി സ്വീകരിക്കാനുളള തീരുമാനം.

Read More: സെൻസസിനോട് സഹകരിക്കില്ലെന്ന് കൊടുവള്ളി നഗരസഭ, പ്രമേയം പാസ്സാക്കി...


 

Follow Us:
Download App:
  • android
  • ios