Asianet News MalayalamAsianet News Malayalam

'അഴിമതിയോട് സന്ധിയില്ല'; കെെക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ പിരിച്ചു വിട്ട് സര്‍ക്കാര്‍

കോട്ടപ്പടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹെഡ് ക്ലാര്‍ക്കായി ജോലി ചെയ്തിരുന്ന ജി. ഗിരീഷ് കുമാറിനെയാണ് പിരിച്ചു വിട്ടത്. ആധാരത്തിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന് അപേക്ഷ സമര്‍പ്പിച്ച കക്ഷിയില്‍ നിന്ന് ഗിരീഷ് കുമാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു

government dismissed officer who ask bribe
Author
Thiruvananthapuram, First Published Jul 27, 2019, 4:45 PM IST

തിരുവനന്തപുരം: മുക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന് അപേക്ഷ നല്‍കാനെത്തിയ കക്ഷികളോട് അപമര്യാദയായി പെരുമാറിയ നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ രജിസ്ട്രേഷന്‍ വകുപ്പില്‍ വീണ്ടും കടുത്ത നടപടി.

ഇത്തവണ കെെക്കൂലി വാങ്ങിയതായി തെളിഞ്ഞ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രജിസ്ട്രേഷന്‍ വകുപ്പിലെ രണ്ടാമത്തെ ആളെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കുന്നതെന്നും ഇതൊരു സന്ദേശമാണെന്നും മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.

കോട്ടപ്പടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹെഡ് ക്ലാര്‍ക്കായി ജോലി ചെയ്തിരുന്ന ജി. ഗിരീഷ് കുമാറിനെയാണ് പിരിച്ചു വിട്ടത്. ആധാരത്തിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന് അപേക്ഷ സമര്‍പ്പിച്ച കക്ഷിയില്‍ നിന്ന് ഗിരീഷ് കുമാർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

ഇതിനെതിരെ കക്ഷി വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോയില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം വിജിലന്‍സ് കോട്ടപ്പടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ പരാതിക്കാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഫിനോഫ്തിലിന്‍ പുരട്ടിയ നോട്ടുകള്‍ പിടികൂടി.

അഴിമതി നിരോധന നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ കൈക്കൂലി വാങ്ങിയതിന് ഗിരീഷ് കുമാര്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഗിരീഷ് കുമാറിന് ഒരുവര്‍ഷത്തെ കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഗിരീഷ് കുമാറിനെ സര്‍വീസില്‍ തുടരാന്‍ യോഗ്യനല്ലെന്ന് കണ്ട് പിരിച്ചുവിട്ടതെന്നും മന്ത്രി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios