തിരുവനന്തപുരം: കൊവിഡ് വ്യാപനവും ലോക്ക് ഡൗണും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസത്തേക്ക് പിടിക്കാനുള്ള കേരള സർക്കാരിൻ്റെ തീരുമാനത്തിനെതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒ രം​ഗത്ത്. 

കൊവിഡിനെതിരെ ജീവൻ പണയം വച്ച് പോരാടിയ സർക്കാർ ജീവനക്കാരായ ആരോ​ഗ്യപ്രവർത്തകരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം ദൗ‍ർഭാ​ഗ്യകരമാണെന്ന് കെജിഎംഒ അഭിപ്രായപ്പെട്ടു. സാമ്പത്തിക ആനുകൂല്യങ്ങൾ നൽഖി പ്രൊത്സാഹിപ്പിക്കുന്നതിന് പകരം ഉള്ള ശമ്പളം കൂടി പിടിക്കുന്നത് ശരിയല്ലെന്നും കെജിഎംഒ ചൂണ്ടിക്കാട്ടി. 

അന്യായമായി ശമ്പളം പിടിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ സ‍ർവ്വീസ് സം​ഘടനയായ എൻജിഒ അസോസിയേഷനും അറിയിച്ചു. നേരത്തെ ഒരു മാസത്തെ ശമ്പളം പല ​ഗഡുകളായി പിടിക്കുന്ന സാലറി ചലഞ്ച് നടപ്പാക്കാനാണ് സർക്കാർ ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ ഇന്ന് ചേ‍ർന്ന മന്ത്രിസഭാ യോ​ഗം ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസത്തേക്ക് പിടിച്ച് അങ്ങനെയാകെ മുപ്പത് ദിവസത്തെ ശമ്പളം മൊത്തമായി പിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു.