തിരുവനന്തപുരം: ശബരിമല കേസിലെ സുപ്രീംകോടതി വിധിയിൽ വ്യക്തത തേടുകയാണ് സംസ്ഥാന സർക്കാർ . ശബരിമലയിൽ യുവതികൾ എത്തിയാൽ എന്ത് ചെയ്യണമെന്നതിൽ സംസ്ഥാന സർക്കാരിന് ആശയക്കുഴപ്പമുണ്ട്. അതേസമയം, സ്ത്രീപ്രവേശനത്തിൽ പഴയ ആവേശം ഇപ്പോഴില്ല. 

യുവതീപ്രവേശനത്തിൽ ഇപ്പോള്‍ പന്ത് സംസ്ഥാന സർക്കാരിന്‍റെ കോർട്ടിലാണ്. വിധി എന്തായാലും നടപ്പാക്കുമെന്നായിരുന്നു സർക്കാരിന്‍റെ പ്രഖ്യാപനം. പക്ഷേ, പുന:പരിശോധനാ ഹർജികൾ വിശാല ബെഞ്ചിലേക്ക് വിട്ടെങ്കിലും യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ലാത്തതോടെ ആശയക്കുഴപ്പമേറി.
 
വിശ്വാസപ്രശ്നത്തിൽ സിപിഎം തെറ്റ് തിരുത്തലിലേക്ക് നീങ്ങുമ്പോഴും യുവതീപ്രവേശനത്തിൽ ഒരിഞ്ചും പിന്നോട്ട് പോകാത്ത മുഖ്യമന്ത്രിയുടെ നിലപാടാണ് ഇനി പ്രധാനം. വിധിപ്പകർപ്പ് പരിശോധിച്ച് നിയമവശം നോക്കി പ്രതികരിക്കാമെന്നാണ് പിണറായി വിജയൻ അറിയിച്ചത്. ലിംഗസമത്വമാണ് സിപിഎമ്മിന്‍റെ നിലപാട്. എന്നാൽ, സെപ്റ്റംബർ 28 ലെ വിധി വന്നപ്പോഴുള്ളതിൽ നിന്ന് വ്യത്യസ്തമായി കരുതലോടെയാണ് ഇക്കുറി സിപിഎം പ്രതികരണങ്ങൾ. 

വിശ്വാസപ്രശ്നത്തിൽ എടുത്ത നിലപാടിനുള്ള അംഗീകാരമാണ് വിധിയെന്ന് കോൺഗ്രസ്സും ബിജെപിയും അഭിപ്രായപ്പെടുന്നു. പക്ഷേ, യുവതീപ്രവേശന പ്രശ്നത്തിൽ സംസ്ഥാന സർക്കാരിനെ വീണ്ടും വെട്ടിലാക്കാനുള്ള നീക്കത്തിലാണ് രണ്ടുകക്ഷികളും. സർക്കാരിനെ പോലെ യുവതിപ്രവേശനത്തിൽ ദേവസ്വം ബോർഡിനും  ആശയക്കുഴപ്പം ഉണ്ട്

ശബരിമലയില്‍ സംഘർഷം ഒഴിവാക്കലാണ് സർക്കാരിന്‍റെ ലക്ഷ്യം. യുവതീപ്രവേശനം സ്റ്റേ ചെയ്തില്ലെങ്കിലും പ്രതിഷേധം ഒഴിവാക്കാൻ യുവതികളെത്തിയാൽ പൊലീസിനെ കൊണ്ട് അനുനയിപ്പിച്ച് തിരിച്ചയക്കുന്ന രീതി ആവർത്തിക്കാനുള്ള സാധ്യതയും ബാക്കിയാണ്. യുവതികൾ വീണ്ടും എത്തുമോ, തടയാൻ വിവിധ സംഘടനകളുണ്ടാകുമോ തുടങ്ങി ആശങ്കകള്‍ നിരവധിയാണ്. മറ്റന്നാൾ ശബരിമല നട തുറക്കാനിരിക്കെ ആശയക്കുഴപ്പവും ആശങ്കയും തീരുന്നില്ല എന്നതാണ് വസ്തുത.