സമര സംഘാടക പ്രതിനിധികളുമായി ഇന്നലെ രണ്ട് മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളാണ് രേഖാമൂലം ദയാബായിക്ക് കൈമാറിയത്. 

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ സംരക്ഷണം ആവശ്യപ്പെടുന്ന സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് സര്‍ക്കാര്‍ രേഖാമൂലം നല്‍കിയത് ഒരു ഉറപ്പ് മാത്രം. എന്‍ഡോസള്‍ഫാന്‍ ബാധിതരെ കണ്ടെത്തുന്നതിനുള്ള അപേക്ഷ രണ്ട് മാസത്തിനുള്ളില്‍ നല്‍കിയാല്‍ പരിശോധിച്ച് പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാമെന്ന് മാത്രമാണ് ഉറപ്പ് നല്‍കിയത്. എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ നിരാഹാര സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് ദയാബായിയുടെ നിലപാട്. 

ന്യൂറോളജി സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം, ഡേ കെയര്‍ പാലിയേറ്റീവ് കെയര്‍, ബഡ്സ് സ്കൂളുകളോട് അനുബന്ധമായി റീഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ, തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങൾ സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സമരം തുടരാനുള്ള ദയാബായിയുടെ തീരുമാനം. മൂന്ന് ദിവസമായി ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള ദയാബായി ആശുപത്രിയിൽ നിരാഹാരസമരം തുടരും. ഇന്ന് അനിശ്ചിതകാല സമരത്തിന്‍റെ 16 ആം ദിവസമാണ്. എൻ‍ഡോസൾഫാൻ ബാധിതരെ കണ്ടെത്തുന്നതിനുള്ള അപേക്ഷ രണ്ട് മാസത്തിനുള്ളിൽ നൽകിയാൽ പരിശോധിച്ച് പ്രത്യേക മെഡിക്കൽ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പിൽ മാത്രമാണ് സമരസമിതിയുടെ സംതൃപ്തി. 

കാസര്‍കോട് ജില്ലയിലെ വിവിധ ആശുപത്രികളിൽ എൻഡോസൾഫാൻ ദുരിതബാധിതര്‍ക്ക് നൽകുന്ന മുൻഗണനാ ചികിത്സ തുടരുമെന്ന ഉറപ്പ് മാത്രം പോരെന്നാണ് സമരസമിതിയുടേയും ദയാബായിയുടേയും നിലപാട്. ടാറ്റാ ട്രസ്റ്റ് ആശുപത്രിയും കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എന്നിവ പൂര്‍ണമായും സജ്ജമാകുമ്പോള്‍ മുൻഗണന നൽകുമെന്ന ഉറപ്പുകൊണ്ടും കാര്യമില്ല. ജില്ലയിലെ ഏതെങ്കിലും ഒരു ആശുപത്രിയിൽ സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ഒരു വര്‍ഷത്തിനുള്ളിൽ ന്യൂറോളജി ചികിത്സ ഉറപ്പാക്കുമെന്ന സര്‍ക്കാര്‍ നിലപാട് ഒഴുക്കൻ മട്ടിലുള്ളതാണെന്നാണ് സമരസമിതി വിലയിരുത്തൽ. 

ഉന്നയിച്ച ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനം ഇല്ലാതെ സമരം അവസാനിപ്പിക്കാനാകില്ലെന്ന് ദയാബായി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരായ വീണ ജോജ്ജും ആർ ബിന്ദുവും സമരക്കാരുമായി ഇന്നലെ ചർച്ച നടത്തിയിരുന്നു. 

YouTube video player