Asianet News MalayalamAsianet News Malayalam

KPAC Lalitha|കെപിഎസി ലളിതയ്ക്ക് സഹായം; കോൺ​​ഗ്രസിൽ ഭിന്നത, അനുകൂലിച്ച പി‌ ടിക്കെതിരെ സൈബർ ​ഗ്രൂപ്പുകൾ

സാമൂഹ്യ മാധ്യമങ്ങളിൽ വിഷയത്തിൽ ചർച്ച സജീവമായതോടെ കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ സർക്കാർ തീരുമാനത്തിനെതിരെ രംഗത്തുവന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു പി ടി തോമസിന്റെ ഫേസ്ബുക്ക്  പോസ്റ്റ്.  കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ടെന്നും ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരുമെന്നായിരുന്നു പോസ്റ്റ്

government help for actress KPAC Lalitha congress leaders different opinions cyber groups against pt thomas
Author
Kochi, First Published Nov 22, 2021, 7:14 PM IST
  • Facebook
  • Twitter
  • Whatsapp

കൊച്ചി: മുതിര്‍ന്ന നടി കെപിഎസി ലളിതയ്ക്ക് (KPAC Lalitha) സർക്കാർ ചികിത്സാ സഹായമനുവദിച്ചതിൽ കോൺ​ഗ്രസിൽ (Congress) ഭിന്നത. സർക്കാർ തീരുമാനത്തെ അനുകൂലിച്ച് കെപിസിസി വർക്കിം​ഗ് പ്രസിഡന്റ് പി ടി തോമസ് (PT Thoams) രംഗത്തെത്തിയപ്പോൾ രാഷ്ട്രീയചായ്‍വ് നോക്കിയാണ് സർക്കാർ സഹായമെന്ന് വിമർശിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രനും ഫേസ്ബുക്ക് പോസ്റ്റിട്ടു.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ചികിത്സയിൽ കഴിയുന്ന നടി കെപിഎസി ലളിതയ്ക്ക് സഹായമനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.സാമൂഹ്യ മാധ്യമങ്ങളിൽ വിഷയത്തിൽ ചർച്ച സജീവമായതോടെ കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ സർക്കാർ തീരുമാനത്തിനെതിരെ രംഗത്തുവന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു പി ടി തോമസിന്റെ ഫേസ്ബുക്ക്  പോസ്റ്റ്.  

കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ടെന്നും ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരുമെന്നായിരുന്നു പോസ്റ്റ്. പോസ്റ്റിലെ കമന്റുകളിൽ ഭൂരിപക്ഷവും പി ടി തോമസിനെതിരായ കോൺഗ്രസ് അനുകൂലികളുടെ  പ്രതികരണങ്ങൾക്കാണ്. പലതും കടുത്ത ഭാഷയിലും ഉള്ളതാണ്. പിന്നാലെയാണ് കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ പിടിയെ തള്ളി പോസ്റ്റിട്ടത്. അർഹതയുള്ളവരെ പരിഗണിക്കാതെ രാഷ്ട്രീയ ചായ്വ് മാത്രം നോക്കിയാണ് സഹായമെന്നതാണ് പോസ്റ്റിലെ ഉള്ളടക്കം.

ഈ പോസ്റ്റിലെ  കമന്റുകളിലും പിടിക്കെതിരായ നിലപാടുകളാണ് അധികവും. തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ സംഘടിതമായി അക്രമിക്കുന്നതിന് പിന്നിൽ കെ.എസ് ബ്രിഗേഡാണെന്നാണ് പിടിയുടെ സംശയം. വർക്കിം​ഗ് പ്രസിഡന്റും വൈസ് പ്രസിഡന്റും രണ്ടുതട്ടിലായി വലിയ ചർച്ച നടക്കുമ്പോഴും പാർട്ടി ഔഗ്യോകിമായി ഇക്കാര്യത്തിൽ ഒരു അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. 

പി ടി തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമർപ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ്. രാഷ്ട്രീയ കാര്യങ്ങളിൽ അവർക്ക് നിലപാടുകൾ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവർ നൽകിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാൻ മലയാളികൾ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരും.

 

വി പി സജീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പണം ഉള്ളവരെ കൂടുതൽ പണക്കാരാക്കുകയും അത് സംരക്ഷിക്കുകയും അവർക്ക് വേദന വരുമ്പോൾ തലോടുവാൻ കാണിക്കുന്ന ഉത്സാഹവും ശരിയല്ല. മറ്റുള്ളവരും മനുഷ്യരാണ് 🙏🙏 സിനിമാമേഖലയിൽ അവശത അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള ധാരാളം കലാകാരന്മാരെ എനിക്കറിയാം. അതുകൊണ്ട് ഒന്നോ രണ്ടോ ആളുകളുടെ പേര് മാത്രമായി ഞാൻ ഇവിടെ പ്രത്യേകം പറയുന്നില്ല.. കാരണം അത് മറ്റു കലാകാരന്മാരോടുള്ള നീതികേട് ആകും. എങ്കിലും ഒന്ന് ഞാൻ പറയാം.. കെപിഎസി ലളിത എന്ന കലാകാരിക്ക് മാത്രമായി സാമ്പത്തിക സഹായം നൽകാനുള്ള സർക്കാർ തീരുമാനം ദൗർഭാഗ്യം ആണ്. അത് രാഷ്ട്രീയ ചായ്‌വ് നോക്കി കൊടുക്കുന്നതാണ്. ഈ സർക്കാർ സഹായം കൊടുക്കുന്നതിൽ പക്ഷാഭേദം കാണിക്കുന്നു എന്ന് പൊതുജനം വിലയിരുത്തും. പണം ഉള്ളവരെ കൂടുതൽ പണക്കാർ ആകുന്നതിനും അവരെ കൂടുതൽ സുരക്ഷിതരായി സംരക്ഷിക്കുന്നതിനും ഇവിടെ കൃത്യമായ ഒരു വ്യവസ്ഥിതി രൂപപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടി വരുന്നു. അല്ല എന്നുണ്ടെങ്കിൽ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കെപിഎസി ലളിതയെ സഹായിക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നത് എന്നു വ്യക്തമാക്കണം ? സിനിമ രംഗത്ത് തന്നെയുള്ള ഇല്ലായ്മക്കാരൻറെ കണ്ണുനീരുകളെ പരിഗണിക്കാതെ അവരുടെ അവശതകൾക്ക് ചെവികൊടുക്കാതെ കെപിഎസി ലളിതയ്ക്ക് മാത്രമായി രൂപംകൊള്ളുന്ന ജാഗ്രത തികഞ്ഞ പരിഹാസം അർഹിക്കുന്നു.👍 ദരിദ്രർക്ക് ലഭിക്കാത്ത ഒരു പരിഗണനയും ഉള്ളവന് നൽകുവാൻ പാടില്ല. ഉള്ളവന്റെയും ഇല്ലാത്തവന്റെയും കണ്ണുനീരിന് ഉപ്പുരസം തന്നെയാണുള്ളത്. അത് തിരിച്ചറിയുവാൻ ജനായത്ത ഭരണകൂടങ്ങൾക്ക് സാധിക്കണം. വിശന്ന് കരിഞ്ഞ വയറുമായി ഇരിക്കുന്നവരുടെ മുൻപിലൂടെ സർക്കാരിന്റെ കാറ്ററിംഗ് വണ്ടി ഹോണടിച്ചു ചീറിപ്പായുന്ന അനുഭവമാണോ ? എന്ത് കഷ്ടമാണിത് ? സർക്കാർ ഖജനാവിലെ പണം പൊതുജനങ്ങളുടെ പണം ആണ്. അത് വിതരണം ചെയ്യുന്നതിൽ നീതി വേണം. നീതി എല്ലാവർക്കും ലഭിക്കണം ഒരു കൂട്ടർക്ക് മാത്രമേ നീതി ലഭിക്കുന്നുള്ളൂ എങ്കിൽ, മഹാകവി ചങ്ങമ്പുഴയുടെ രണ്ട് ഈരടികൾ ഞാൻ കടം എടുക്കുകയാണ്. പണമുള്ളോർ നിർമ്മിച്ച് നീതിക്ക് ഇതിലൊന്നും ചെയ്യുവാൻ ഇല്ലേ ഞാൻ പിൻവലിപ്പൂ..🙏 ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾതൻ പിന്മുറക്കാർ ? എല്ലാവർക്കും രാഷ്ട്രീയം ഉണ്ട് രാഷ്ട്രീയ വിയോജിപ്പുകളും ഉണ്ട് എങ്കിലും.. നമ്മളെല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഈ അനുഗ്രഹീത കലാകാരിക്ക് ഇത്തരത്തിൽ പക്ഷാഭേദപരമായി സംഭാവന നൽകി സമൂഹമധ്യത്തിൽ ഈ കലാകാരിയെ CPM അവഹേളിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. 💪💪👍

 

Follow Us:
Download App:
  • android
  • ios