Asianet News MalayalamAsianet News Malayalam

വ്യവസായിക്ക് പൊതുമരാമത്ത് വക സഹായം; ലക്ഷങ്ങള്‍ മുടക്കി പുരയിടത്തിന് മുന്നില്‍ സംരക്ഷണ ഭിത്തി നിര്‍മ്മാണം

ഉറച്ച മണ്‍തിട്ടയായിരുന്ന ഈ ഭാഗം ഇടിഞ്ഞു താഴാന്‍ തുടങ്ങിയത് എങ്ങനെയാണെന്നറിയാന്‍ മൂന്നുവര്‍ഷം മുമ്പ് ഇതേഭാഗത്ത് നടന്ന ഒരു മണ്ണ് മോഷണക്കേസ് പരിശോധിച്ചാല്‍ മതി. 2018 മാര്‍ച്ചിലാണ് കോയന്‍കോ ഗ്രൂപ്പിന്‍റ വസ്തുവിന്‍റെ മൂന്നിലുളള ഈ ഭാഗത്ത് നിന്ന് പട്ടാപ്പകല്‍ 50 ലോഡിലേറെ മണ്ണിടിച്ച് ലോറികളില്‍ കടത്തിക്കൊണ്ടുപോയത്. 

Government help to industrialist by constructing of protective wall
Author
Sultan Bathery, First Published Nov 22, 2021, 9:24 AM IST

വയനാട്: ദേശീയപാത നവീകരണത്തിന്‍റെ (National Highway renovation) മറവില്‍ വ്യവസായിയുടെ പുരയിടം സംരക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ട് പൊതുമരാമത്ത് വകുപ്പ് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നു. നിര്‍മ്മാണത്തിന്‍റെ ഭാഗമായി പാതയോരത്ത് നിന്ന് നീക്കുന്ന മണ്ണ് തളളുന്നതാകട്ടെ ഇതേ വ്യവസായിയുടെ മറ്റൊരു ഭൂമി നികത്താനും. ഇതേ സ്ഥലത്ത് നേരത്തെ നടന്ന മണ്ണുകൊളള സംബന്ധിച്ച വിചാരണ തുടരുന്നതിനിടെയാണ് ഈ വഴിവിട്ട നിര്‍മാണം. വയനാട് ലക്കിടിയിലാണ് ഈ സംഭവം. വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ട് നടപടി ഇല്ലാത്തതിനെത്തുടര്‍ന്ന് വിജിലന്‍സിനെ സമീപിച്ചിരിക്കുകയാണ് നാട്ടുകാര്‍. 

വയനാട് ലക്കിടിയില്‍ കോയന്‍കോ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുളള വസ്തുവിന്‍റെ മുന്നിലാണ് നിര്‍മ്മാണം. ദേശീയ പാതയോരത്ത് മണ്ണിടിച്ചില്‍ തടയാനായി സദുദ്ദേശത്തോടെ നടത്തുന്ന ഒരു നിര്‍മ്മാണ പ്രവൃത്തിയെന്നാണ് ഒറ്റ നോട്ടത്തില്‍ ആര്‍ക്കും തോന്നുക. എന്നാല്‍ ഇവിടെ മണ്ണിടിച്ചില്‍ സൃഷ്ടിച്ചതും ഇവിടെ നിന്ന് മണ്ണ് നീക്കുന്നതും കോയന്‍കോ ഗ്രൂപ്പിനെ സഹായിക്കാനാണെന്നതിന്‍റെ തെളിവുകളാണ് പുറത്ത് വരുന്നത്. പൊതുമരാമത്ത് വകുപ്പിന്‍റെ ഉടമസ്ഥതിയിലുളള ഭൂമിയില്‍ നിന്നെടുക്കുന്ന മണ്ണ് പൊതുസ്ഥലത്ത് തന്നെ സൂക്ഷിക്കണമെന്നും അത് ലേലം ചെയ്യണമെന്നുമുളള വ്യവസ്ഥ നിലനില്‍ക്കെയാണ് ഈ കൊളള. ദേശീയപാത വീതികൂട്ടലിന്‍റെ ഭാഗമായി വഴി നഷ്ടപ്പെട്ടവരും മണ്ണ് ഇടിഞ്ഞവരുമായി നിരവധി സാധാരണക്കാര്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യവുമായി കാത്തു നില്‍ക്കുമ്പോഴാണ് മുന്‍ കരാറുകാര്‍ കൂടിയായ കോയന്‍കോ ഗ്രൂപ്പിനെ സഹായിക്കാനുളള ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഈ വഴിവിട്ട നീക്കം.

ഉറച്ച മണ്‍തിട്ടയായിരുന്ന ഈ ഭാഗം ഇടിഞ്ഞു താഴാന്‍ തുടങ്ങിയത് എങ്ങനെയാണെന്നറിയാന്‍ മൂന്നുവര്‍ഷം മുമ്പ് ഇതേഭാഗത്ത് നടന്ന ഒരു മണ്ണ് മോഷണക്കേസ് പരിശോധിച്ചാല്‍ മതി. 2018 മാര്‍ച്ചിലാണ് കോയന്‍കോ ഗ്രൂപ്പിന്‍റ വസ്തുവിന്‍റെ മൂന്നിലുളള ഈ ഭാഗത്ത് നിന്ന് പട്ടാപ്പകല്‍ 50 ലോഡിലേറെ മണ്ണിടിച്ച് ലോറികളില്‍ കടത്തിക്കൊണ്ടുപോയത്. പൊതുമരാമത്ത് വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന ഈ കൊളളയെക്കുറിച്ച് അന്നത്തെ അസിസ്റ്റന്‍റ് എന്‍ജീനീയര്‍ ലക്ഷ്മണന്‍ വൈത്തിരി പൊലീസില്‍ പരാതി നല്‍കി. 201/2018 ക്രൈം നമ്പറില്‍ കേസും എടുത്തു. ഈ കേസില്‍ വിചാരണ തുടരുമ്പോഴാണ് 50 ലക്ഷത്തിലേറെ രൂപ ചെലവിട്ട് ഇവിടെ സംരക്ഷണ ഭിത്തി കെട്ടുന്നത്. ചുരുക്കത്തില്‍ ലക്ഷങ്ങള്‍ മുടക്കി ഇവിടെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കാനുളള സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കുകയായിരുന്നു എന്ന് ചുരുക്കം. 


 

Follow Us:
Download App:
  • android
  • ios