തിരുവനന്തപുരം: ഉന്നത  വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ഇടപെട്ടതിനെ തുടര്‍ന്ന് കോളജ് മാറ്റം ലഭിച്ചതിന് ശേഷം  വിവാദങ്ങളെ തുടര്‍ന്ന് പഠനം അവസാനിപ്പിച്ച വിജിക്ക് പുതുവഴി കണ്ടെത്തി സര്‍ക്കാര്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ വിജിക്ക്  സർക്കാർ സ്ഥാപനമായ സി - ആപ്റ്റിൽ അടുത്ത മാസം പതിനഞ്ചോടെ ആരംഭിക്കുന്ന ആറു മാസം ദൈർഘ്യമുള്ള ആനിമേഷൻ ആൻന്റ് വെബ് ഡിസൈനിംഗ് കോഴ്സിന് ചേർന്നു പഠിക്കാനുള്ള സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.

നെയ്യാറ്റിന്‍കര സ്വദേശിയായ വിദ്യാര്‍ഥിനിക്ക് ആലപ്പുഴ ചേര്‍ത്തല എന്‍എസ്എസ് കോളേജില്‍നിന്ന് തിരുവനന്തപുരം വിമെന്‍സ് കോളജിലേക്ക് മന്ത്രി ഇടപെട്ട് മാറ്റം നല്‍കിയത് ഏറെ വിവാദമായിരുന്നു.  മാര്‍ക്ക് ദാന വിവാദത്തില്‍ ഈ സംഭവവും ഉയര്‍ന്നുവന്നതോടെ മന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. 

അച്ഛന്‍ ഉപേക്ഷിക്കുകയും അമ്മ കാന്‍സര്‍ ബാധിതയായി മരിക്കുകയും ചെയ്ത ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി പഠന സൗകര്യാര്‍ഥമാണ് തിരുവനന്തപുരത്തേക്ക് മാറ്റത്തിന് മന്ത്രിയെ സമീപിച്ചത്. മന്ത്രി അപേക്ഷ പരിഗണിക്കുകയും ചെയ്തു. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ച് വിദ്യാര്‍ഥിനി തന്നെ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിരുന്നു. പിന്നീട് പഠനം അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് വിദ്യാര്‍ഥിനി നല്‍കിയ കത്ത് സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു.

ചേര്‍ത്തലയില്‍നിന്ന് പഠിക്കാന്‍ സാധിക്കാത്തതിനാലാണ് വിദ്യാര്‍ഥിനി പഠനം അവസാനിപ്പിച്ചത്. എന്നാല്‍, ദുഷ്ടലാക്കോടെ പ്രതിപക്ഷം അനാവശ്യ കോലാഹലങ്ങളുണ്ടാക്കി തനിക്കെതിരെ തുനിഞ്ഞിറങ്ങുകയായിരുന്നുവെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. അടിമുടി അനാവശ്യമായ വിവാദങ്ങൾ അഭിമാനിയായ വിജിയിൽ തീർത്ത അപമാനം സഹിക്കവയ്യാതെ ആ കുട്ടി ഈ വർഷം പഠിക്കേണ്ടെന്നു തീരുമാനിച്ചത് വല്ലാത്ത ഞെട്ടലാണ് ഉണ്ടാക്കിയതും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇതോടെയാണ് ആറു മാസം ദൈർഘ്യമുള്ള ആനിമേഷൻ ആൻന്റ് വെബ് ഡിസൈനിംഗ് കോഴ്സിന് ചേർന്നു പഠിക്കാനുള്ള വിജിയുടെ ആഗ്രഹം ഗവൺമെന്റ് മുൻകയ്യെടുത്ത് സഫലമാക്കുന്നത്. അടുത്ത അദ്ധ്യായന വർഷം നഗരത്തിലെ ഏതെങ്കിലും ഒരു കോളജിൽ ഡിഗ്രിക്ക് സൗജന്യമായി പഠിക്കാനുള്ള സൗകര്യവും ഒരുക്കിക്കൊടുക്കും മന്ത്രി വ്യക്തമാക്കി. വിജി ഒരു പ്രതീകമാണ്. ആരോരുമില്ലാത്ത ആയിരങ്ങളുടെ പ്രതീകം. അവളെപ്പോലുള്ള നിരാലംബർക്ക് താങ്ങും തണലുമായി പിണറായി സർക്കാർ എപ്പോഴും ഒപ്പമുണ്ടാകുമെന്ന് കുറിച്ചാണ് കെ ടി ജലീലിന്‍റെ പോസ്റ്റ് അവസാനിക്കുന്നത്.

മന്ത്രി കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

വിജി പഠിക്കും, സർക്കാർ നെഞ്ചോട് ചേർത്തുവെക്കും.
----------------------------------------
അച്ഛൻ ചെറുപ്പത്തിലേ നഷ്ടപ്പെടുകയും അമ്മ ക്യാൻസറിന് അടിപ്പെട്ട് യാത്രയാവുകയും ചെയ്ത് അനാഥയായ തിരുവനന്തപുരം സ്വദേശിനി വിജിക്ക് ചേർത്തല NSS എയ്ഡഡ് കോളേജിലാണ് മെറിറ്റിൽ ഡിഗ്രിക്ക് പ്രവേശനം ലഭിച്ചിരുന്നത്. ഓരോ ദിവസവും ആറു മണിക്കൂർ യാത്ര ചെയ്ത് ആലപ്പുഴയിലെത്താനുള്ള പ്രയാസവും അവിടെ ഹോസ്റ്റലിൽ ചേർന്നു പഠിക്കാനുള്ള സാമ്പത്തിക പ്രയാസം കൊണ്ടുമാണ് തലസ്ഥാനത്ത് സീറ്റൊഴിഞ്ഞ് കിടക്കുന്ന സർക്കാർ വുമൻസ് കോളേജിലേക്ക് സ്ഥലം മാറ്റം നൽകി സർക്കാർ ഉത്തരവിറക്കിയത്. അതിനെതിരെയാണ് പ്രതിപക്ഷം ദുഷ്ടലാക്കോടെ എന്നെ ലക്ഷ്യമിട്ട് തുനിഞ്ഞിറങ്ങിയത്. അടിമുടി അനാവശ്യ കോലാഹലങ്ങൾ തീർത്ത വിവാദങ്ങൾ അഭിമാനിയായ വിജിയിൽ തീർത്ത അപമാനം സഹിക്കവയ്യാതെ ആ കുട്ടി ഈ വർഷം പഠിക്കേണ്ടെന്നു തീരുമാനിച്ചത് വല്ലാത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. സർക്കാർ സ്ഥാപനമായ സി - ആപ്റ്റിൽ അടുത്ത മാസം പതിനഞ്ചോടെ ആരംഭിക്കുന്ന ആറു മാസം ദൈർഘ്യമുള്ള ആനിമേഷൻ ആൻന്റ് വെബ് ഡിസൈനിംഗ് കോഴ്സിന് ചേർന്നു പഠിക്കാനുള്ള വിജിയുടെ ആഗ്രഹം ഗവൺമെന്റ് മുൻകയ്യെടുത്ത് സഫലമാക്കും. അടുത്ത അദ്ധ്യായന വർഷം നഗരത്തിലെ ഏതെങ്കിലും ഒരു കോളേജിൽ ഡിഗ്രിക്ക് സൗജന്യമായി പഠിക്കാനുള്ള സൗകര്യവും ഒരുക്കിക്കൊടുക്കും. വിജി ഒരു പ്രതീകമാണ്. ആരോരുമില്ലാത്ത ആയിരങ്ങളുടെ പ്രതീകം. അവളെപ്പോലുള്ള നിരാലംബർക്ക് താങ്ങും തണലുമായി പിണറായി സർക്കാർ എപ്പോഴും ഒപ്പമുണ്ടാകും