Asianet News MalayalamAsianet News Malayalam

ഞായറാഴ്ച തന്നെ ലഹരിവിരുദ്ധ പരിപാടി നടത്തണമെന്ന് സർക്കാർ, ഞായറാഴ്ച വിശ്വാസപരമായ കാര്യങ്ങൾക്കുള്ളതെന്ന് കെസിബിസി

ഗാന്ധിജയന്തി ദിനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നതിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് മന്ത്രി, ഒക്ടോബർ 2ന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് കെസിബിസി

Government insisted to conduct anti-drug program on Sunday itself, KCBC says Sunday is for religious affairs
Author
First Published Sep 30, 2022, 3:42 PM IST

തിരുവനന്തപുരം: ഒക്ടോബർ 2 മുതൽ നവംബർ 1 വരെ തീവ്ര ലഹരിവിരുദ്ധ ക്യാമ്പയിനിൽ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും പങ്കെടുക്കണണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വിദ്യാലയങ്ങൾക്ക് അവധിയാണെങ്കിലും പരിപാടികൾ നടത്തുന്നതിന് നടപടി ഉണ്ടാകണമെന്നും മന്ത്രി നിർദേശിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. പരമാവധി വിദ്യാർത്ഥികളുടെ പങ്കാളിത്തം ഗാന്ധിജയന്തി ദിനത്തിൽ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

സർക്കാർ നിർദ്ദേശം നേരത്തെ കെസിബിസി തള്ളിയിരുന്നു. ഞായറാഴ്ച വിശ്വാസപരമായ ആചാരങ്ങളിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കണം. കത്തോലിക്കാ രൂപതകളിൽ വിശ്വാസത്തിന്‍റെ  ഭാഗമായുള്ള പരിക്ഷകളും ഉണ്ട്. ഞായറാഴ്‌ച വിശ്വാസപരമായ കാര്യങ്ങൾക്ക് നീക്കിവയ്ക്കണം.  ഈ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി  മറ്റൊരു ദിവസം ആചരിക്കണമെന്നാവശ്യപ്പെട്ടാണ് കെസിബിസി ഈ നിർദേശം തള്ളിയത്. ഒക്ടോബർ 2ന് കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്നും കെസിബിസി വ്യക്തമാക്കി.

ഇതിനു പിന്നാലെയാണ് ഒക്ടോബർ രണ്ടിലെ ലഹരിവിരുദ്ധ പരിപാടി വിപുലമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ വീണ്ടും രംഗത്തെത്തിയത്. ഒക്ടോബർ രണ്ടിന് 10 മണിക്കുള്ള ഉദ്ഘാടന പരിപാടി എല്ലാവരിലേക്കും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തണമെന്നും വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചു. വിദ്യാലയ സമിതികൾ മുൻകയ്യെടുത്ത് പ്രചാരണ ബോർഡുകൾ സ്ഥാപിക്കണം.
ഒക്ടോബർ 6, 7 തീയതികളിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടികൾ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പിടിഎ, എം പിടിഎ, വികസന സമിതി തുടങ്ങിയവയുടെ നേതൃത്വത്തിൽ നടത്തണമെന്നും മന്ത്രി നിർദേശിച്ചു.

ഒരു മാസക്കാലം സ്കൂൾതലത്തിൽ വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കണം. വിദ്യാർഥികൾക്കിടയിൽ ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണം. നവംബർ 1ന് വൈകീട്ട് 3 മണി മുതൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ ശൃംഖല വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ മുൻകൂട്ടി നടപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
 

Follow Us:
Download App:
  • android
  • ios