Asianet News MalayalamAsianet News Malayalam

Attappadi : കൂടുതല്‍ ആംബുലന്‍സുകള്‍, ഫണ്ട് വിനിയോഗത്തിന് പ്രത്യേക അനുമതി, അട്ടപ്പാടിയില്‍ ഇടപെട്ട് സര്‍ക്കാര്‍

പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കുള്ള പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിന് ധനവകുപ്പിന്‍റെ പ്രത്യേക അനുമതി നൽകും. അട്ടപ്പാടി സ്വദേശികളായ സർക്കാർ ഉദ്യോഗസ്ഥരെ മേഖലയിൽ വിന്യസിക്കും.

Government intervenes in Attappady more ambulance  and permission for fund
Author
Trivandrum, First Published Dec 1, 2021, 2:29 PM IST

തിരുവനന്തപുരം: ശിശുമരണങ്ങൾ (infant death)  ഉണ്ടായ അട്ടപ്പാടിക്ക് കൂടുതൽ ശ്രദ്ധ നൽകാൻ സർക്കാർ തീരുമാനം. കൂടുതൽ ആംബുലൻസുകൾ ഉറപ്പാക്കും. പോഷകാഹാരക്കുറവ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശനിയാഴ്ച തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിക്കും. പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള പദ്ധതികളുടെ ഫണ്ട് വിനിയോഗത്തിന് ധനവകുപ്പിന്‍റെ പ്രത്യേക അനുമതി നൽകും. അട്ടപ്പാടി സ്വദേശികളായ സർക്കാർ ഉദ്യോഗസ്ഥരെ മേഖലയിൽ വിന്യസിക്കും. അട്ടപ്പാടിയിൽ മദ്യവർജ്ജന ബോധവൽക്കരണം ശക്തമാക്കാനും മന്ത്രി കെ രാധാകൃഷ്ണൻ വിളിച്ച ഉന്നതതലയോഗത്തിൽ തീരുമാനമായി. അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണങ്ങള്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഇന്ന് പ്രത്യേക മന്ത്രിതല യോഗം ചേർന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മന്ത്രിമാർ യോഗം ചേർന്നത്. പിന്നോക്ക വികസനം, എക്സൈസ് , ആരോഗ്യം, തദ്ദേശം, ഭക്ഷ്യ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. അട്ടപ്പാടിയിലെ വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്യാനും മാസ്റ്റർ പ്ലാൻ തയ്യാറാക്കാനാണ് യോഗം ചേർന്നത്. 

കോട്ടത്തറ ആശുപത്രിയിലെ ദുരവസ്ഥ

ആദിവാസികളുടെ ഏക ആശ്രയമായ കോട്ടാത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെന്‍റിലേറ്റര്‍ സൗകര്യമുളള ആംബുലന്‍സില്ല. ഡോക്ടര്‍മാര്‍ അടക്കമുളള ജീവനക്കാരുടെ കാര്യത്തിലും നവജാത ശിശുക്കള്‍ക്കുളള വെന്‍റിലേറ്റര്‍ പോലുളള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും സിടി സ്കാന്‍ അടക്കമുളള ഉപകരണങ്ങള്‍ സ്ഥാപിക്കാനുളള വൈദ്യുതി കണക്ഷന്‍റെ കാര്യത്തില്‍ പോലും ഇവിടെ പ്രതിസന്ധി തുടരുന്നുണ്ട്. മാസം 60 പ്രസവങ്ങള്‍ നടക്കുന്ന ഈ ആശുപത്രിയില്‍ നവജാതശിശു ഡോക്ടര്‍ ഇല്ല, പീഡിയാട്രിക് ഐസിയുവോ വെന്‍റിലേറ്ററോ ഇല്ല. അഞ്ഞൂറിലേറെ രോഗികള്‍ നിത്യേനെ ഒപിയിലെത്തുമ്പോഴും ഹൃദ്രോഗ വിദഗ്ധനോ കാത് ലാബോ ഇല്ല. 54 ബെഡുകള്‍ മാത്രമുളള ഇവിടെ നൂറിലേറെ പേര്‍ക്കാണ് കിടത്തിച്ചികില്‍സ നല്‍കേണ്ടി വരുന്നത്. കിടക്കകളുടെ എണ്ണം 100 ആയി ഉയര്‍ത്തുമെന്ന് 2017ല്‍ കെ കെ ശൈലജ നടത്തിയ പ്രഖ്യാപനമാകട്ടെ അട്ടപ്പാടിക്കാര്‍ക്കിന്ന് ക്രൂരമായൊരു തമാശ മാത്രം. ചുരുക്കത്തില്‍ അവശനിലയിലെത്തുന്ന ഒരു രോഗിക്ക് പ്രഥമ ശുശ്രൂഷ മാത്രം നല്‍കാന്‍ കഴിയുന്ന ഈ ആതുരാലയത്തിനാണ് അട്ടപ്പാടിയിലെ ആരോഗ്യപരിപാലനത്തിന്‍റെ മുഖ്യചുമതല. ഇത്രമാത്രം പ്രധാനപ്പെട്ട ആശുപത്രിയായിട്ടും കോട്ടത്തറ ആശുപത്രിയില്‍ ലോടെന്‍ഷന്‍ വൈദ്യുതി കണക്ഷന്‍ മാത്രമാണുളളത്. ഹൈടെന്‍ഷന്‍ കണക്ഷനിലേക്ക് മാറിയെങ്കില്‍ മാത്രമെ സിടി സ്കാന്‍ അടക്കമുളള ഉപകരണങ്ങള്‍ സ്ഥാപിക്കാനുമാകു.

Follow Us:
Download App:
  • android
  • ios