തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ച് നിർത്താനായി നാഫെഡിൽ നിന്ന് സവാള എത്തിച്ച് സർക്കാർ. ഹോർട്ടികോർപ് വഴി കിലോയ്ക്ക് 45 രൂപ നിരക്കിലാണ് സവാള വിൽക്കുക. ആദ്യഘട്ടമായി 25 ടൺ സവാളയാണ് സംസ്ഥാനത്ത് എത്തിച്ചത്.

സവാള അടക്കം പച്ചക്കറികൾക്കെല്ലാം വില കുതിച്ചുയർന്നതോടെയാണ് സർക്കാർ ഇടപെട്ടത്. 75 ടൺ സവാളയാണ് നാഫെ‍ഡിൽ നിന്ന് അടിയന്തരമായി എത്തിക്കുന്നത്. മഹാരാഷ്ട്രയിലെ നാസികിൽ നിന്നും 25 ടൺ സവാള ആദ്യഘട്ടമായി തിരുവനന്തപുരത്തും കൊച്ചിയിലും ഇറക്കി. വിപണിയിൽ കിലോയ്ക്ക് 100 രൂപയാണ് വിലയുളള സവാള 45 രൂപ നിരക്കിലാകും ഹോ‍ർട്ടികോർപ്  സ്റ്റാളുകൾ വഴി വിറ്റഴിക്കുക.

ഒരാൾക്ക് ഒരു കിലോ സവാള മാത്രമേ ഹോർട്ടികോർപ് വഴി ഒരു ദിവസം നൽകൂ. ഈ ആഴ്ച തന്നെ കൂടുതൽ സവാള എത്തിച്ച് പരമാവധി ഇടങ്ങളിൽ വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഉളളി, വെളുത്തുളളി, കാരറ്റ് തുടങ്ങി വിലക്കയറ്റമുണ്ടായ മറ്റ് പച്ചക്കറികളുടേയും വില പിടിച്ചുനിർത്താൻ നടപടിയുണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, കർണാടക എന്നിവിടയങ്ങളിൽ  മഴ മൂലം വിളവെടുപ്പ് മുടങ്ങിയതോടെയാണ് വില അനിയന്ത്രിതമായി കുതിച്ചത്.