തിരുവനന്തപുരം: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തവർക്ക് ബദൽ മാർഗങ്ങൾ ഇന്നത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്തേക്കും. വളാഞ്ചേരിയിലെ വിദ്യാർത്ഥി ദേവിക ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണിത്. ലോക്ഡൗണിൽ എർപ്പെടുത്തുന്ന ഇളവുകളും പരിഗണിക്കും. എട്ടാം തിയതി മുതൽ കൂടുതൽ ഇളവുകൾ നൽകാനാണ് തീരുമാനം. വിൽപ്പന നടക്കാത്ത കാലത്തെ നികുതി ഇളവ് വേണമെന്ന ബാറുടമകളുടെ ആവശ്യം സ‍ർക്കാരിന്റെ പരിഗണനയിലുണ്ട്. 

തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ചത് വൈദികൻ; സമ്പര്‍ക്കത്തില്‍ ആശങ്ക, കേരളത്തിൽ മരണം 11 ആയി

അതേ സമയം ഓണ്‍ലൈൻ ക്ലാസുകള്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ തീരദേശത്തുള്ള വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്. മഴമൂലം കേബിൾ കണക്ഷൻ നഷ്ടമാകുന്നതുള്‍പ്പെടെ നിരവധി പ്രശ്നങ്ങൾ ഇവരെ അലട്ടുന്നു. കടല്‍ക്ഷോഭം രൂക്ഷമായാൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടിവരുമെന്നതും ഇവരെ ആശങ്കയിലാക്കുന്നു.

അതിനിടെ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലുണ്ടായ അവഹേളനത്തിൽ നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ സൈബർ ക്രൈം പൊലീസ് നടപടി ആരംഭിച്ചു. സന്ദേശം പ്രചരിപ്പിച്ച വാട്സപ് ഗ്രൂപ്പിലെ അംഗങ്ങളും കണ്ണൂർ, എറണാകുളം സ്വദേശികളുമായ വിദ്യാർത്ഥികളെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. സന്ദേശം പ്രചരിപ്പിച്ചതിൽ ഇവർക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് സൈബർ പൊലീസ് അറിയിച്ചു. തെളിവ് കിട്ടിയാൽ പ്രതി ചേർക്കും. മുഖ്യ പ്രതിയെന്ന് കരുതുന്ന മലപ്പുറം സ്വദേശിയായ ഗ്രൂപ്പ് അഡ്മിനെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.