തിരുവനന്തപുരം: രാജ്ഭവനിലെത്തി ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രത്യേക നിര്‍ദേശങ്ങളൊന്നും മുന്നോട്ട് വച്ചിട്ടില്ലെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽ കുമാര്‍ പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറുമായി ഏറ്റുമുട്ടൽ ഇല്ലെന്നും സര്‍ക്കാരിൻ്റെ ഭാഗം ഗവര്‍ണറെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വി.എസ്.സുനിൽ കുമാര്‍ പറഞ്ഞു. 

നിയമസഭാ സമ്മേളനത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ഗവർണറുമായി കൂടിക്കാഴ്ച നടത്തേണ്ട സാഹചര്യമില്ല. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന് ഇടപെടേണ്ട ആവശ്യവുമില്ല. അതു കൊണ്ട് തന്നെ വി മുരളീധരൻ്റെ പ്രസ്താവനകൾക്ക് മറുപടി നൽകേണ്ട ആവശ്യമില്ലെന്നും വിഎസ് സുനിൽ കുമാര്‍ പറഞ്ഞു. 

സർക്കാറും ഗവർണറും തമ്മിൽ ഭരണഘടന പരമായ ബന്ധമാണുള്ളതെന്നും രാഷ്ട്രീയ പ്രശ്നങ്ങൾ ഉണ്ടെന്ന് വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും സുനിൽ കുമാര്‍ വ്യക്തമാക്കി. ഗവർണറുമായി സംസാരിച്ചതിൽ നിന്ന് ഡിസംബർ 31 ന് തന്നെ സഭ ചേരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.