Asianet News MalayalamAsianet News Malayalam

പി ജയരാജന് പുതിയ കാർ വാങ്ങും; 32 ലക്ഷം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

കറുത്ത നിറമുള്ള ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങുന്നതിന് 3211792 രൂപയാണ് അനുവദിച്ചിരിക്കുന്നത്. പരമാവധി 35 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നതെന്നും ഉത്തരവിൽ പറയുന്നു.

Government issued order allots Rs 32 lakh to buy car for Khadi Board Vice Chairman P Jayarajan
Author
First Published Dec 1, 2022, 3:18 PM IST

തിരുവനന്തപുരം: സിപിഎം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് പുതിയ കാര്‍ വാങ്ങാൻ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കറുത്ത നിറമുള്ള ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങുന്നതിന് 3211792 രൂപയാണ് അനുവദിച്ചിരിക്കുന്നത്. കണ്ണൂർ തോട്ടടയിലെ ഷോറൂമിൽ നിന്നും കാർ വാങ്ങാനാണ് ഉത്തരവ്. 

കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ ജയരാജന് വാഹനം വാങ്ങാനുള്ള തീരുമാനം വിവാദമായിരുന്നു. പരമാവധി 35 ലക്ഷം രൂപ ചെലവഴിച്ച് കാർ വാങ്ങാനായിരുന്നു 17 ന് ഇറക്കിയ ഉത്തരവിലെ തീരുമാനം. വിമർശനങ്ങൾക്കൊടുവിൽ ഉയർന്ന സുരക്ഷാ സംവിധാനം ഉള്ള വാഹനം എന്ന പരാമർശം ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രേഡിംഗ് അക്കൗണ്ടിൽ നിന്ന് ഫണ്ടെടുത്ത് ഇലട്രിക്ക് വാഹനം വാടകക്ക് എടുക്കാമെന്ന  നയത്തിന് വിരുദ്ധമായാണ് പുതിയ വാഹനം വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ വാഹനം വാങ്ങുന്നതിന് ധനവകുപ്പിന്‍റെ വിലക്ക് നിലനിൽക്കെയാണ് ഉത്തരവ്. അതേസമയം,കാലപ്പഴക്കവും ദീർഘദൂര യാത്രകൾക്കുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് പി.ജയരാജന് പുതിയ കാർ വാങ്ങുന്നതെന്നാണ് സർക്കാർ വിശദീകരണം

സാമ്പത്തിക പ്രതിസന്ധികാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി ചീഫ് സെക്രട്ടറി നവംബര്‍ നാലിന് ഉത്തരവിറക്കിയിരുന്നു. പുതിയ വാഹനങ്ങൾ വാങ്ങരുത് എന്നതുൾപ്പടെയുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നവംബര്‍ ഒമ്പതിന് ഇറക്കിയ ധനവകുപ്പ് ഉത്തരവും നിലവിലുണ്ട്. ഇതിന് ശേഷം മന്ത്രമാരായ റോഷി അഗസ്റ്റിൻ, വിഎൻ വാസവൻ, വി അബ്ദുറഹ്മാൻ, ജിആര്‍ അനിൽ എന്നിവര്‍ക്കും ചീഫ് വിപ്പ് ഡോ. എൻ ജയരാജിനും പുതിയ കാറ് വാങ്ങാൻ 33 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios