തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് വിഭജനത്തില്‍ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്. തദ്ദേശ വകുപ്പ്, കരട് തയ്യാറാക്കി നിയമവകുപ്പിന് നല്‍കി. അധിക സാമ്പത്തിക ബാധ്യത ഇല്ലാത്തതിനാല്‍ ഗവര്‍ണറുടെ അനുമതി വേണ്ടെന്നാണ് വിലയിരുത്തല്‍. ബില്‍ ബുധനാഴ്‍ച ചേരുന്ന മന്ത്രിസഭായോഗം അംഗീകരിക്കും. തദ്ദേശ സ്വയം ഭരണസ്ഥാപനവാര്‍‍ഡുകള്‍ 2011 സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ഉത്തരവിട്ടു കൊണ്ട് സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു. 

വാര്‍ഡ് വിഭജനത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. വാര്‍ഡ് വിഭജനം പുതിയ സെന്‍സസ് നടപടിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഓര്‍ഡിനന്‍സില്‍ ആദ്യം ഒപ്പിടാതെ കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ സര്‍ക്കാരിന് ഫയല്‍ മടക്കി. എന്നാല്‍ വാര്‍ഡ് വിഭജനം സെന്‍സസ് നടപടികളെ ബാധിക്കില്ലെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും  മറുപടി നല്‍കി സര്‍ക്കാര്‍ വീണ്ടും ഓര്‍ഡിനന്‍സ്  ഗവര്‍ണര്‍ക്ക് ഒപ്പിടാനായി കൈമാറിയിരുന്നു. 

അതേസമയം വാര്‍ഡ് വിഭജനം നടത്താൻ സംസ്ഥാന സര്‍ക്കാരിന് അധികാരം ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്ത ആവര്‍ത്തിച്ചു. അതുകൊണ്ടാണ് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനൻസിനെതിരെ ഗവര്‍ണര്‍ക്ക് കത്ത് നൽകിയത്. ഗവര്‍ണറാണ് ഓര്‍ഡിനൻസിൽ ഒപ്പിടേണ്ടത് എന്നത് കൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാനെ തന്നെ സമീപിച്ചതെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു. വാര്‍ഡ് വിഭജനം വേണമെങ്കിൽ അത്  നേരത്തെ തന്നെ ആലോചിച്ച് സര്‍ക്കാരിന് ചെയ്യാമായിരുന്നെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം.