വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കാനുള്ള സർക്കാർ നീക്കം മദ്യ വ്യാപനത്തിന് കാരണമാകുമെന്ന് സമസ്ത പോഷക സംഘടനാ നേതാക്കൾ. ഈ നിർദേശത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ലഹരി വ്യാപനത്തിനെതിരായ ഏത് ശ്രമത്തെയും ചെറുക്കുമെന്നും നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കാനുള്ള സർക്കാർ നീക്കം മദ്യ വ്യാപനത്തിനുള്ള അവസരം ഒരുക്കുന്നതിനാൽ അത്തരം നിർദേശത്തിൽ നിന്ന് സർക്കാർ പൂർണമായും പിൻവാങ്ങണമെന്ന് സമസ്ത പോഷക സംഘടനാ നേതാക്കൾ. സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി കുടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ, സമസ്ത കേരള മദ്റസ മാനേജ്മെജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പുത്തനായി മൊയ്തീൻ ഫൈസി, സമസ്ത ജംഇയ്യത്തുൽ ഖുതബാ ജനറൽ സെക്രട്ടറി സുലൈമാൻ ദാരിമി ഏലം കുളം, സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബശീർ മാസ്റ്റർ പനങ്ങാങ്ങര, എസ്കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി ഒപിഎം അഷ്റഫ് കുറ്റിക്കടവ് എന്നിവർ സംയുക്ത പ്രസ്താവനയിൽ സർക്കാറിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാംസ്കാരിക സമ്പന്നവും ധാർമിക മൂല്യങ്ങൾക്ക് ഏറെ പ്രാധാന്യവും നൽകുന്ന കേരളത്തിൽ ലഹരികൾ നിരോധിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഇപ്പോൾ ലഹരിക്കെതിരെ നടക്കുന്ന തൂഫാൻ പരിപാടിയുടെ അതേ സമയത്ത് തന്നെ മറുഭാഗത്ത് മദ്യം വ്യാപകമാക്കാനുള്ള ശ്രമം നടത്തുന്നത് വൈരുദ്ധ്യമാണ്. ഇത് അനുവദിക്കാൻ കഴിയില്ല. ലഹരി വ്യാപിക്കാനുള്ള ഏത് ശ്രമത്തിനെതിരെയും ചെറുത്തുനിൽപ്പ് ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു.