ദില്ലി: മരട് ഫ്ലാറ്റ് കേസിലെ നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍. ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഇടക്കാല നഷ്ടപരിഹാരമായി നൽകിയ 62.25 കോടി രൂപ സർക്കാരിന് തിരികെ ലഭിക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. 

ഫ്ലാറ്റ് പൊളിച്ചതിന് ചെലവായ 3,24,80,529 രൂപ നിർമാതാക്കളിൽ നിന്ന് ഈടാക്കി നൽകണമെന്നും നഷ്ടപരിഹാര സമിതിയുടെ പ്രതിമാസ ചെലവും നിർമാതാക്കളിൽ നിന്ന് ഈടാക്കണമെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ആവശ്യം ഉന്നയിച്ചത്.

മരടിലെ നഷ്ടപരിഹാര വിതരണത്തിന് ഫ്ലാറ്റ് നിര്‍മാതാക്കള്‍ ഇത് വരെ നല്‍കിയത് നാല് കോടി എണ്‍പത്തിയൊന്‍പത് ലക്ഷം മാത്രമെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായർ സമിതി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഗോള്‍ഡൻ കായലോരത്തിന്‍റെ നിര്‍മ്മാതാക്കള്‍ 2 കോടി എണ്‍പത്തിയൊന്‍പത് ലക്ഷവും ജയിന്‍ ഹൗസിങ് കണ്‍സ്ട്രക്ഷൻ രണ്ട് കോടിയും നല്‍കി. എന്നാല്‍ ആല്‍ഫ സെറീൻ, ഹോളി ഫെയ്ത്ത് എന്നിവ ഇതുവരെയും തുകയൊന്നും നല്‍കിയതായി സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.

248 ഫ്ലാറ്റ് ഉടമകള്‍ക്കായി സ‍ംസ്ഥാന സർ‍ക്കാര്‍ 62 കോടി നഷ്ടപരിഹാര ഇനത്തില്‍ കൈമാറിയെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു. നഷ്ടപരിഹാരം വിതരണം ചെയ്യാനായി വസ്തുക്കള്‍ വില്‍ക്കാൻ അനുവദിക്കണമെന്നമെന്ന നിർമ്മാതാക്കളുടെ ആവശ്യം സമിതി തള്ളിയിരുന്നു.