ആദ്യം തോറ്റുവമെന്ന് ഫലം വന്നെങ്കിലും പള്ളിക്കൽ ഡിവിഷനിൽ റീ കൗണ്ടിംഗ് നടത്തുകയായിരുന്നു. റീ കൗണ്ടിംഗിന് പിന്നാലെയാണ് ശ്രീനാദേവിയെ റിട്ടേണിംഗ് ഓഫീസർ വിജയിയായി പ്രഖ്യാപിച്ചത്.

പത്തനംതിട്ട: സിപിഐ വിട്ട് കോൺ​ഗ്രസില്‍ ചേര്‍ന്ന് മത്സരിച്ച ശ്രീനാദേവി കുഞ്ഞമ്മ വിജയിച്ചു. 196 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിലെ കോൺ​ഗ്രസി സ്ഥാനാർത്ഥിയായ ശ്രീനാദേവി കുഞ്ഞമ്മ ജയിച്ചത്. ആദ്യം തോറ്റുവമെന്ന് ഫലം വന്നെങ്കിലും പള്ളിക്കൽ ഡിവിഷനിൽ റീ കൗണ്ടിംഗ് നടത്തുകയായിരുന്നു. റീ കൗണ്ടിംഗിന് പിന്നാലെയാണ് ശ്രീനാദേവിയെ റിട്ടേണിംഗ് ഓഫീസർ വിജയിയായി പ്രഖ്യാപിച്ചത്. ഡിവിഷനിൽ മത്സരിച്ച സിപിഐ സ്ഥാനാർത്ഥി ശ്രീലത രമേശ് പരാജയപ്പെട്ടു.

മുൻ ജില്ലാ പഞ്ചായത്തംഗമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ. നേരത്തെ സിപിഐ ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച് പള്ളിക്കൽ ഡിവിഷൻ തന്നെയാണ് കോണ്‍ഗ്രസും ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് നല്‍കിയത്. അധികാരമല്ല, ആദർശമാണ് വലുതെന്നായിരുന്നു സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്ന ശ്രീനാദേവി കുഞ്ഞമ്മയും പ്രതികരണം. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സിപിഐ കൈക്കൊണ്ടത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്നും തന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ മാങ്കൂട്ടത്തിൽ നിയമത്തിനു മുന്നിൽ തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ, ഈ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്നുമായിരുന്നു ശ്രീനാദേവി ഫേസ്ബുക്കില്‍ കുറിച്ചത്.