കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്കായി കരാർ കമ്പനിക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയില്‍. സർക്കാർ ഭൂമിയിൽ കെട്ടിടം നിർമിച്ച് കൈമാറാനാണ് കരാർ. ഇങ്ങനെ നിർമിച്ചു നൽകുന്ന കെട്ടിടങ്ങൾ സർക്കാർ ഗുണഭോക്താക്കൾക്ക് നൽകും. ഭൂമി കൈമാറ്റത്തിന് രേഖയുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനാണ് സർക്കാർ മറുപടി നൽകിയത്. ലൈഫ് മിഷൻ ഹർജികൾ ഹൈക്കോടതി വിധി പറയാനായി മാറ്റി. അതുവരെ സി ബി ഐ അന്വേഷണത്തിനുള്ള  സ്റ്റേ തുടരും

ഉദ്യോഗസ്ഥർ അഴിമതി നടത്തിയുണ്ടായിട്ടുണ്ടോ എന്നറിയാൻ വിജിലൻസ് അന്വേഷണം നടത്തുന്നുണ്ടന്നും സർക്കാർ കോടിതിയെ അറിയിച്ചു. സിബിഐ എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ലൈഫ് മിഷൻ സിഇഒ യു വി ജോസിന്   അധികാരം ഉണ്ടെന്നും സർക്കാർ കോടിതിയില്‍ പറഞ്ഞു. അനിൽ അക്കരെയുടെ ഹർജിക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യം മാത്രമാണെന്നും സർക്കാർ ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന അഴിമതി ആരോപണം ആണ് വിജിലൻസ് അന്വേഷിക്കുന്നത്. ഇതിനെ വിദേശ സംഭാവന ചട്ടവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും കൈക്കൂലി നൽകി എന്ന വെളിപ്പെടുത്തൽ വിജിലൻസ് അന്വേഷിക്കുമെന്നും സർക്കാർ കോടിതിയില്‍ പറഞ്ഞു.