Asianet News MalayalamAsianet News Malayalam

മംഗലാപുരത്ത് നിന്നും കൊച്ചിയിലെത്തിച്ച നവജാത ശിശുവിന്‍റെ തുടര്‍ ചികിത്സകളും സര്‍ക്കാര്‍ ഏറ്റെടുക്കും

കുഞ്ഞിന്‍റെ ആരോഗ്യ നിലയില്‍ മികച്ച പുരോഗതിയുണ്ടെന്നും 10 ദിവസങ്ങള്‍ക്കകം ആശുപത്രി വിടാനാകുമെന്നും ഡോക്ടർമാർ.

government taking care of new born brought from mangalapuram
Author
Kochi, First Published Apr 26, 2019, 11:36 PM IST

കൊച്ചി: മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നവജാത ശിശുവിന്‍റെ തുടര്‍ ചികിത്സകളും സര്‍ക്കാര്‍ ഏറ്റെടുക്കും. ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുഞ്ഞിന്‍റെ ആരോഗ്യ നിലയില്‍ മികച്ച പുരോഗതിയുണ്ടെന്നും 10 ദിവസങ്ങള്‍ക്കകം ആശുപത്രി വിടാനാകുമെന്നും ഡോക്ടർമാർ പ്രതികരിച്ചു.

പിഞ്ചുകുഞ്ഞിനായുള്ള കേരളത്തിന്‍റെ കരുതൽ വെറുതെയായില്ല. 25 ദിവസം പ്രായമായ കുഞ്ഞ് ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ച് വരികയാണ്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞിനെ വിദഗ്ദ ഡോക്ടര്‍മാരോടൊപ്പം എത്തി മന്ത്രി കെ കെ ശൈലജ സന്ദർശിച്ചു. കുട്ടിയുടെ തുടര്‍ ചികിത്സകളുടെ ചിലവും സര്‍ക്കാര്‍ വഹിക്കുമെന്ന് കെ കെ ശൈലജ വ്യക്തമാക്കി.

കുഞ്ഞ് ശസ്ത്രക്രിയക്കുശേഷം വേഗത്തിൽ സുഖം പ്രാപിക്കുകയാണെന്ന് ചികിത്സക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ കൃഷ്ണകുമാര്‍ പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ കുട്ടിക്ക് അമ്മയുടെ മുലപ്പാല്‍ നല്‍കാനുമെന്നാണ് പ്രതീക്ഷ. ഗുരുതരമായ ഹൃദ്രോഗത്തെ തുടര്‍ന്ന് ഈ മാസം 17 നാണ് അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വെറും അഞ്ചര മണിക്കൂർ കൊണ്ടാണ് കുഞ്ഞിനെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരാനിരുന്ന കുഞ്ഞിനെ  ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ വിഷയത്തിൽ ഇടപെട്ടതിന് പിന്നാലെ അമൃത ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സർക്കാരിന്‍റെ 'ഹൃദ്യം' പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടിയുടെ മുഴുവൻ ചികിത്സാ ചിലവും സർക്കാർ വഹിക്കാനും തീരുമാനിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios